ന്യൂഡൽഹി : കോസ്‌റ്റ് ഗാർഡിലെ വനിത ഉദ്യോഗസ്ഥർക്ക് (Woman Coast Guard Officer) സ്ഥിരം കമ്മിഷൻ നൽകുന്ന വിഷയത്തിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. സ്‌ത്രീകളെ ഒഴിവാക്കാനാവില്ലെന്നും കേന്ദ്രം അത് ചെയ്‌തില്ലെങ്കിൽ ഞങ്ങൾ അത് പ്രാവർത്തികമാക്കുമെന്നും കോടതി വ്യക്തമാക്കി. 2024-ൽ സാങ്കേതികത പറഞ്ഞുള്ള വാദങ്ങൾക്ക് പ്രസക്തിയില്ലെന്നും വനിതകളെ ഒഴിവാക്കാനാവില്ലെന്നും ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേന്ദ്രത്തെ പ്രതിനിധീകരിച്ച അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് പറഞ്ഞു.
നാരീശക്തിയെക്കുറിച്ച് സംസാരിക്കുന്ന കേന്ദ്രസർക്കാർ അത് ഇവിടെ പ്രാവർത്തികമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. യോഗ്യരായ വനിത ഷോർട്ട് സർവീസ് കമ്മിഷൻ ഓഫിസർമാർക്ക് സ്ഥിരം കമ്മിഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് കോസ്‌റ്റ് ഗാർഡിലെ വനിത ഓഫിസർ പ്രിയങ്ക ത്യാഗി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. കോസ്‌റ്റ് ഗാർഡിനോട് ഈ വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെടുമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
നേവിക്കും ഇന്ത്യൻ കോസ്‌റ്റ് ഗാർഡിനും തമ്മില്‍ ഘടനാപരമായ വ്യത്യാസങ്ങളുണ്ടെന്ന് അറ്റോര്‍ണി ജനറൽ പറഞ്ഞു. എന്നാൽ വനിത ഉദ്യോഗസ്ഥർ നാവികസേനയിൽ കപ്പലുകളിൽ പോകുന്നുണ്ടെന്നും ഐസിജിയിൽ അവരെ ഇപ്പോഴും പരിഗണിക്കുന്നില്ലെന്നും ഹർജിക്കാരിയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷക അർച്ചന പഥക് ദവെ വാദിച്ചു.
കൂടുതൽ വാദം കേൾക്കുന്നതിനായി സുപ്രീം കോടതി കേസ് മാർച്ച് 1ലേക്ക് മാറ്റി. കോസ്‌റ്റ് ഗാർഡിലെ സ്‌ത്രീകൾക്ക് സ്ഥിരം കമ്മിഷനെന്ന കാര്യത്തിൽ പുരുഷാധിപത്യപരമായ സമീപനം സ്വീകരിച്ചതിന് ഫെബ്രുവരി 19ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു. കരസേനയും നാവികസേനയും നയം നടപ്പാക്കിക്കഴിഞ്ഞപ്പോൾ എന്തിനാണ് സേന വ്യത്യസ്‌ത സമീപനം സ്വീകരിക്കുന്നതെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു.
സ്‌ത്രീകൾക്ക് അതിർത്തികൾ സംരക്ഷിക്കാൻ കഴിയുമെങ്കിൽ അവർക്ക് തീരങ്ങളും സംരക്ഷിക്കാൻ കഴിയുമെന്ന് ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു. കോസ്‌റ്റ് ഗാർഡ് മേഖലയിൽ സ്‌ത്രീകളുടെ മുഖം കാണാൻ ആഗ്രഹിക്കാത്ത തരത്തില്‍ എന്തിനാണ് പുരുഷാധിപത്യം കാണിക്കുന്നത് ?. എന്തിനാണ് നിങ്ങൾ തീരസംരക്ഷണ സേനയോട് ഉദാസീനമായ സമീപനം കാണിക്കുന്നത് ? - കോടതി ആരാഞ്ഞിരുന്നു.
കരസേനയിലെ വനിത ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മിഷൻ നൽകണമെന്ന് 2020ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിഷയത്തില്‍, ശാരീരിക പരിമിതികളും സാമൂഹിക മാനദണ്ഡങ്ങളും എന്ന കേന്ദ്ര സർക്കാര്‍ വാദം അംഗീകരിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. സമത്വ സങ്കൽപ്പത്തിന് എതിരാണ് കേന്ദ്ര നിലപാടെന്നും ലിംഗവിവേചനമാണിതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.