ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി തന്‍റെ ജീവിതം മുഴുവന്‍ തലനാരിഴ കീറി പരിശോധിക്കാനായി വോട്ടര്‍മാരുടെ മുന്നില്‍ വയ്ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. സ്ഥാനാര്‍ഥിയുടെയും ആശ്രിതരുടെയും ജംഗമ വസ്‌തുക്കളായ വസ്‌ത്രം, പാത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതല്ലെങ്കില്‍ അവ അത്രമാത്രം മൂല്യവത്തായിരിക്കണമെന്നും വലിയൊരു സ്വത്ത് ആയിരിക്കണമെന്നും കോടതി പറഞ്ഞു.
ജസ്‌റ്റിസുമാരായ അനുരുദ്ധ ബോസ് സഞ്ജയ് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെതാണ് നിര്‍ണായക നിരീക്ഷണങ്ങള്‍. അരുണാചല്‍ പ്രദേശിലെ തെസു മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ കരിഖോ ക്രിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. സ്ഥാനാര്‍ഥിയുടെ സ്വകാര്യതയ്ക്കുള്ള അവകാശങ്ങള്‍ മാനിക്കപ്പെടണം. മുഴുവന്‍ സ്വത്തുക്കളും വെളിപ്പെടുത്താതിരിക്കുന്നത് അയോഗ്യതയല്ലെന്നും കോടതി വ്യക്തമാക്കി.
സ്ഥാനാര്‍ഥിക്കോ കുടുംബത്തിനോ വിലപിടിച്ച നിരവധി വാച്ചുകള്‍ ഉണ്ടെങ്കില്‍ അക്കാര്യം വെളിപ്പെടുത്തിയിരിക്കണം. അതേസമയം ചില സാധാരണ വാച്ചുകളുടെ കണക്കുകള്‍ വേണ്ടെന്നും കോടതി പറഞ്ഞു.
ഗുവാഹത്തി ഹൈക്കോടതിയുടെ ഇറ്റാനഗര്‍ ബെഞ്ചിന്‍റെ 2023 ജൂലൈ 17ലെ വിധി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ നിരീക്ഷണങ്ങള്‍. ക്രിയുടെ തെരഞ്ഞെടുപ്പ് അസാധുവാണെന്നായിരുന്നു ഇറ്റാനഗര്‍ ബെഞ്ച് വിധിച്ചത്. ക്രിയുടെ നാമനിര്‍ദ്ദേശപത്രിക റിട്ടേണിങ് ഓഫീസര്‍ ചട്ടങ്ങള്‍ പാലിച്ചല്ല സ്വീകരിച്ചത് എന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി.
ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള മൂന്ന് വാഹനങ്ങളുടെ കണക്കുകള്‍ കാട്ടുന്നതില്‍ വീഴ്‌ച വരുത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ വാഹനങ്ങള്‍ ഇദ്ദേഹത്തിന്‍റ കുടുംബത്തിലെ ആശ്രിതരുടെ പേരിലായിരുന്നു. ഇദ്ദേഹവും ഭാര്യയും നല്‍കിയ നികുതിയുടെ വിശദാംശങ്ങള്‍ മറച്ച് വച്ചെന്ന ആരോപണവും ഉണ്ടായിരുന്നു. എന്നാല്‍ ഇതും പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.