ന്യൂഡൽഹി: മിലിട്ടറി നഴ്‌സിങ് സർവീസിലെ വനിതാ നഴ്‌സിങ് ഓഫിസറെ വിവാഹത്തിന്‍റെ പേരിൽ സർവീസിൽ നിന്നും പിരിച്ചുവിട്ടതിനെതിരെ സുപ്രീംകോടതി. ലിംഗവിവേചനത്തിന്‍റെയും അസമത്വത്തിന്‍റെയും പരുക്കൻ കേസാണിതെന്നും നഴ്‌സിന് ഫൈനൽ സെറ്റിൽമെന്‍റായി 60 ലക്ഷം രൂപ നൽകണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് പറഞ്ഞു. ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത് (SC On Termination Of Ex-Military Nurse On Ground Of Marriage).
മിലിട്ടറി നഴ്‌സിങ് സർവീസിൽ പെർമനന്‍റ് കമ്മിഷന്‍ ഓഫിസറായിരുന്ന വനിതാ ഓഫിസറായ സെലീന ജോണ്‍ വിവാഹിതയായതിൻ്റെ പേരിൽ അവരെ സർവീസിൽ നിന്നും വിട്ടയക്കുകയോ അല്ലെങ്കിൽ ഡിസ്‌ചാർജ് ചെയ്യുകയോ ചെയ്യാമായിരുന്നു എന്ന തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
ഈ നിയമം വനിതാ നഴ്‌സിങ് ഓഫിസർമാർക്ക് മാത്രമേ ബാധകമാകൂ. വിവാഹിതയായി എന്ന കാരണത്താൽ തൊഴിൽ അവസാനിപ്പിക്കുകയും ഈ നിയമം വഴി സ്‌ത്രീകൾ ലിംഗ വിവേചനവും അസമത്വവും നേരിടുന്നു. പ്രത്യക്ഷത്തിൽ ഏകപക്ഷീയമായ നിയമമാണെന്നും ഫെബ്രുവരി 14 ന് പുറപ്പെടുവിച്ച ഉത്തരവിൽ ബെഞ്ച് പറഞ്ഞു.
ഇത്തരം പുരുഷാധിപത്യ ഭരണത്തിൻ്റെ സ്വീകാര്യത മനുഷ്യന്‍റെ അന്തസ്സിനെയും വിവേചനരഹിതമായ അവകാശത്തെയും ഹനിക്കുന്നു. ന്യായമായ പെരുമാറ്റവും ലിംഗാധിഷ്‌ഠിത പക്ഷപാതത്തെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ഭരണഘടനാപരമായി അനുവദനീയമല്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
വനിതാ ജീവനക്കാരുടെ വിവാഹവും അവരുടെ ഗാർഹിക പങ്കാളിത്തവും ഭിന്നിപ്പിനുള്ള കാരണമാക്കുന്ന നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. എക്‌സ് ലെഫ്റ്റനൻ്റ് സെലീന ജോണിനെ മിലിട്ടറി നഴ്‌സിങ് സർവീസിൽ നിന്ന് വിട്ടയച്ചത് തെറ്റും നിയമവിരുദ്ധവുമാണ് പ്രതിഭാഗമായ ലഖ്‌നൗവിലെ സായുധ സേനാ ട്രൈബ്യൂണൽ റീജിയണൽ ബെഞ്ച് നൽകിയ ന്യായവാദത്തെ ചോദ്യം ചെയ്‌തുകൊണ്ട് സുപ്രീംകോടതി പറഞ്ഞു.
മിലിട്ടറി നഴ്‌സിങ് സർവീസിൽ സ്ഥിരം കമ്മീഷനുകൾ അനുവദിക്കുന്നതിനുള്ള സേവന നിബന്ധനകളും വ്യവസ്ഥകളും എന്ന തലക്കെട്ടിലുള്ള ആർമി നിർദേശം 1995 ഓഗസ്‌റ്റ് 29 ന് പിൻവലിച്ചതായും സുപ്രീം കോടതി നിരീക്ഷിച്ചു.
ഇപ്പോഴത്തെ കേസിൻ്റെ വസ്‌തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് എക്‌സ്.ലഫ്റ്റനൻ്റ് സെലീന ജോണിന് ഈ ഉത്തരവിൻ്റെ പകർപ്പ് നൽകിയ തീയതി മുതൽ എട്ട് ആഴ്‌ചയ്‌ക്കുള്ളിൽ പ്രതിഭാഗം 60,00,000/- രൂപ (അറുപത് ലക്ഷം രൂപ) നഷ്‌ടപരിഹാരം നൽകാൻ കോടതി നിർദേശിച്ചു.
എട്ട് ആഴ്‌ചയ്‌ക്കുള്ളിൽ പേയ്‌മെൻ്റ് നടത്തിയില്ലെങ്കിൽ ഈ ഉത്തരവിൻ്റെ തീയതി മുതൽ പേയ്‌മെൻ്റ് നടത്തുന്നതുവരെ അപ്പീലന്‍റുകൾ പ്രതിവർഷം 12 ശതമാനം പലിശ അടയ്‌ക്കണമെന്നും ബെഞ്ച് പറഞ്ഞു.