ന്യൂഡല്‍ഹി: സൗജന്യങ്ങള്‍ എത്രകാലം തുടരാനാകുമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി. കുടിയേറ്റ തൊഴിലാളികളുെട ശേഷി വര്‍ദ്ധിപ്പിക്കലിനെ കുറിച്ച് പറയുമ്പോഴായിരുന്നു കോടതി സര്‍ക്കാരിനെ ചോദ്യം ചെയ്‌തത്. കൊവിഡ് 19 കാലം മുതല്‍ ഇവര്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കുന്നുണ്ട് സര്‍ക്കാര്‍.
ജസ്റ്റിസുമാരായ സൂര്യകാന്തിന്‍റെയും മന്‍മോഹന്‍റെയും ബെഞ്ചാണ് വിഷയം പരിഗണിച്ചത്. 2013ലെ ദേശീയ ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച് രാജ്യത്ത് 81 കോടി ജനങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യമായോ സൗജന്യ നിരക്കിലോ റേഷന്‍ നല്‍കുന്നുണ്ടെന്ന് ഡിവിഷന്‍ ബെഞ്ചിനെ സര്‍ക്കാര്‍ അറിയിച്ചു.
ഇതിനര്‍ത്ഥം നികുതിദായകര്‍ ഇതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുവെന്നല്ലേയെന്നും കോടതി ആരാഞ്ഞു. കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്തയും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയും ഹാജരായി. കൊവിഡ് 19നെ തുടര്‍ന്ന് രാജ്യത്തേക്ക് മടങ്ങേണ്ടി വന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും സംബന്ധിച്ച് കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ആയിരുന്നു സര്‍ക്കാരിന് നേരെ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇ ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കെല്ലാം സൗജന്യ റേഷന്‍ നല്‍കാന്‍ ഉത്തരവിടണമെന്ന് എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയോട് ആവശ്യപ്പെട്ടു.
അപ്പോഴാണ് എത്രകാലം ഇത്തരത്തില്‍ സൗജന്യങ്ങള്‍ നല്‍കാനാകുമെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞത്. തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുള്ള നടപടികള്‍ എടുക്കാന്‍ എന്ത് കൊണ്ട് സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും പരമോന്നത കോടതി ചോദിച്ചു. ഈ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാനും അവരുടെ ശേഷി വര്‍ദ്ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കാലാകാലങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യണമെന്ന് ഇതേ കോടതി തന്നെ നിരവധി തവണ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഭൂഷണ്‍ ചൂണ്ടിക്കാട്ടി. റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത് വഴി അവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ സൗജന്യ റേഷന്‍ ലഭ്യമാകുമെന്നും കോടതി പറയാറുണ്ട്.
അടുത്തിടെ, ഇ ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കുടിയേറ്റക്കാര്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കാനും ഉത്തരവിട്ടിരുന്നു. തങ്ങള്‍ സൗജന്യ റേഷന്‍ നല്‍കാന്‍ നിര്‍ദേശിച്ച സമയം കൂടി പരിഗണിക്കേണ്ടതുണ്ട്. ആ സമയത്ത് ഇവിടെയുണ്ടായിരുന്നവരെയൊന്നും ഇപ്പോള്‍ കാണാനില്ലെന്നും കോടതി പറഞ്ഞു. അവരെല്ലാം പോയിരിക്കുന്നു. ജനങ്ങളെ പ്രീണിപ്പിക്കാനായി സംസ്ഥാന സര്‍ക്കാരുകള്‍ റേഷന്‍ കാര്‍ഡ് നല്‍കി. കാരണം റേഷന്‍ നല്‍കേണ്ടത് കേന്ദ്രത്തിന്‍റെ ബാധ്യതയാണെന്ന് അവര്‍ക്കറിയാം.
ജനസംഖ്യാ കണക്കെടുപ്പ് 2021ല്‍ നടത്തേണ്ടതായിരുന്നു. കുടിയേറ്റ തൊഴിലാളികളില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 2011ലെ കണക്കുകള്‍ പ്രകാരമുള്ള കണക്കുകളാണ് കേന്ദ്രത്തിന്‍റെ പക്കലുള്ളത്.
കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഒരു വേര്‍തിരിവ് ഉണ്ടാക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2013ലെ ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സ്റ്റാറ്റ്യൂട്ടറി പദ്ധതികള്‍ക്കപ്പുറത്തേക്ക് പോകാന്‍ സര്‍ക്കാരിനാകില്ല.
എന്‍ജിഒ ഹാജരാക്കുന്ന കണക്കുകള്‍ സര്‍ക്കാരിനാകില്ല. അവര്‍ വെറുതെ കേസുകളുമായി നടക്കുന്നവരാണ്. ജനങ്ങള്‍ക്ക് എന്തെങ്കിലും ഉപകാരം ചെയ്യാന്‍ ഇവരെക്കൊണ്ടാകുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
അതേസമയം മെഹ്ത്തയ്ക്ക് തന്നോട് വിരോധമുണ്ടെന്ന് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. താന്‍ നേരത്തെ അദ്ദേഹത്തിനെതിരെ ചില ഇമെയിലുകള്‍ പുറത്ത് വിട്ടിരുന്നു. ഇത് അദ്ദേഹത്തിന്‍റെ പ്രതിച്‌ഛായ തകര്‍ത്തു. അതേസമയം ഇമെയിലുകള്‍ കോടതിയുടെ പരിഗണനയിലാണെന്ന് മെഹ്‌ത്ത ചൂണ്ടിക്കാട്ടി. ഒരാള്‍ ഇത്തരത്തില്‍ സര്‍ക്കാരിനെയോ രാജ്യത്തെയോ മോശമാക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ക്ക് ഇത്തരം കേസുകള്‍ വേണമെന്നും മെഹ്ത്ത ആരോപിച്ചു.
കേസ് വീണ്ടും അടുത്തമാസം എട്ടിന് വീണ്ടും പരിഗണിക്കും. സൗജന്യങ്ങള്‍ കൊടുക്കുന്നതിലെ അപ്രായോഗികതകള്‍ കഴിഞ്ഞ മാസം 26ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് 19ന്‍റെ കാലം വ്യത്യസ്‌തമായിരുന്നു. അന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് സഹായങ്ങള്‍ ആവശ്യമായിരുന്നുവെന്നും കോടതി പറഞ്ഞു.
Also Read: വിഎച്ച്പി പരിപാടിയിൽ ഹൈക്കോടതി ജഡ്‌ജിയുടെ പരാമർശം വിവാദത്തിൽ; വിശദീകരണം തേടി സുപ്രീം കോടതി