അൽവാർ (രാജസ്ഥാൻ): രാജസ്ഥാനിലെ അൽവാറിലെ സരിസ്‌ക കടുവ സങ്കേതത്തില്‍ നിന്ന് ഹരിയാനയിലേക്ക് എത്തിയ എസ്‌ടി 2023 ആയുള്ള തെരച്ചിലില്‍ നിര്‍ണായക വഴിത്തിരിവ്. എസ്‌ടി 2023 എന്ന ആണ്‍ കടുവയെ ഹരിയാനയിലെ ജാബുവ വനമേഖലയിൽ കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സരിസ്‌ക കടുവ സങ്കേതത്തില്‍ നിന്നും ആഗസ്റ്റ് 17-നാണ് മൂന്ന് വയസുള്ള കടുവയെ കാണാതാവുന്നത്.
പിന്നീട് 100 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ രേവാരി ജില്ലയിലെ വനമേഖലയിലേക്ക് ഏഴ് മാസത്തിനിടെ രണ്ടാം തവണയും കടുവ എത്തിയതായി അധികൃതര്‍ അറിയിച്ചിരുന്നു. തെരച്ചിലില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയെങ്കിലും കടുവയെ കാണാന്‍ അധികര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ കടുവ എത്താന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയായിരുന്നു.
ഇത്തരം ക്യാമറകളിലൊന്നില്‍ വെള്ളിയാഴ്‌ച രാവിലെ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുറ്റിക്കാട്ടില്‍ വിശ്രമിക്കുന്ന കടുവയുടെ ദൃശ്യമാണ് പതിഞ്ഞിട്ടുള്ളത്. കടുവ ആരോഗ്യവാനും സുരക്ഷിതനുമായാണ് കാണപ്പെടുന്നതെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ വാസസ്ഥലം (ടെറിട്ടറി) തേടിയാവാം എസ്‌ടി 2023 സരിസ്‌ക കടുവ സങ്കേതം വിട്ടതെന്നായിരുന്നു നേരത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇരയെ തുരത്തുന്നതിനിടെ വഴിതെറ്റിയതായിരിക്കണം എന്നാണ് നിലവിലെ വിശദീകരണം. കടുവയെ പിടികൂടുന്നത് വരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാത്രിയിൽ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങരുതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അഭ്യർഥിച്ചിട്ടുണ്ട്.