ന്യൂഡല്‍ഹി: ശംഭു അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തില്‍ ആശങ്കയുമായി ആം ആദ്‌മി പാര്‍ട്ടി. നമ്മുടെ അന്നദാതാക്കളെ ഇത്തരമൊരു സാഹചര്യത്തില്‍ കാണേണ്ടി വരുന്നത് ദുഃഖകരമാണെന്ന് പാർട്ടി വക്താവ് പ്രിയങ്ക കക്കാര്‍ പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി നയിക്കുന്ന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പൊള്ളയായ വാഗ്‌ദാനങ്ങള്‍ നല്‍കി പ്രതിഷേധം അടിച്ചമര്‍ത്തുന്നു. കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ അവരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
കണ്ണീര്‍വാതക പ്രയോഗം: ഇന്ന് ഉച്ചയോടെ ആരംഭിച്ച കര്‍ഷക മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. പതിനഞ്ചിലേറെ കര്‍ഷകര്‍ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്നത്തെ കര്‍ഷക മാര്‍ച്ച് അവസാനിപ്പിക്കുന്നതായി കര്‍ഷക സംഘടനകള്‍ അറിയിച്ചു. നേരത്തെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവില്‍ പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തി ദില്ലി ചലോ മാര്‍ച്ച് നടത്തുന്ന കര്‍ഷകരെ പിരിച്ച് വിടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസും പ്രക്ഷോഭകരും തമ്മില്‍ വാക്കേറ്റമുണ്ടായി. അതിര്‍ത്തിയില്‍ പൊലീസ് സമരക്കാരെ തടയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
101 കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേര്‍ മാര്‍ച്ചിന് എത്തിയെന്നാണ് ഹരിയാന പൊലീസ് പറയുന്നത്. അവരെ തിരിച്ചറിയാനും കഴിയുമായിരുന്നില്ല. അവര്‍ ഒരു ജനക്കൂട്ടമായി നീങ്ങാനായിരുന്നു നീക്കമെന്നും ഹരിയാന പൊലീസ് പറഞ്ഞു. കര്‍ഷകര്‍ക്ക് ഡല്‍ഹിയിലേക്ക് പോകാന്‍ അനുമതിയില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തങ്ങളെ ഡല്‍ഹിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് പൊലീസിനോട് തങ്ങള്‍ അഭ്യര്‍ത്ഥിച്ചതായി ഒരു കര്‍ഷകന്‍ പറഞ്ഞു. തങ്ങള്‍ തിരിച്ചറിയല്‍ കാര്‍ഡുകളും കാട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷകന്‍റെ വാക്കുകൾ:
"പൊലീസിന്‍റെ പക്കലുള്ള പട്ടിക തെറ്റായിരുന്നു. ഇവിടേക്ക് വരുന്ന കര്‍ഷകരുടെ പേരുകള്‍ അതില്‍ ഉണ്ടായിരുന്നില്ല. ഞങ്ങളെ മുന്നോട്ട് പോകാന്‍ അനുവദിച്ചാല്‍ തിരിച്ചറിയല്‍ രേഖകള്‍ കാട്ടാമെന്ന് ഞങ്ങള്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ മുന്നോട്ട് പോകാന്‍ ഞങ്ങള്‍ക്ക് അനുമതിയില്ലെന്നായിരുന്നു പൊലീസിന്‍റെ നിലപാട്. പിന്നെന്തിന് തിരിച്ചറിയല്‍ രേഖകള്‍ കാട്ടണം? ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പക്ഷേ എങ്ങനെ മുന്നോട്ട് പോകും. ഹരിയാനയില്‍ വരെയെങ്കിലും പോകാനുള്ള അനുമതി നല്‍കണമെന്ന് ഞങ്ങള്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു."
101 പേര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നേരത്തെ കര്‍ഷക നേതാവ് സരണ്‍ സിങ് പാന്തര്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടരുതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് പട്യാല മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. മാധ്യമങ്ങള്‍ സുരക്ഷിത അകലം പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
Also read: കണ്ണടകളും മാസ്‌കും വച്ച് ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ മാര്‍ച്ച്; അതിര്‍ത്തിയില്‍ തടഞ്ഞ് പൊലീസ്, കണ്ണീര്‍വാതകം പ്രയോഗിച്ചു, മാധ്യമങ്ങള്‍ക്കും വിലക്ക്