അജ്‌മീർ : രാജസ്ഥാനിൽ അജ്‌മീർ സ്‌റ്റേഷനു സമീപം സബർമതി-ആഗ്ര സൂപ്പർഫാസ്‌റ്റ് ട്രെയിനിൻ്റെ നാല് കോച്ചുകൾ പാളം തെറ്റി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. ആഗ്രയിലേക്കുളള ട്രെയിൻ അജ്‌മീർ സ്‌റ്റേഷൻ കടന്ന് മദാർ സ്‌റ്റേഷനിൽ എത്താനിരിക്കെയാണ് പാളം തെറ്റിയത്.
എന്നാൽ പാളം തെറ്റിയതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ലെന്ന് നോർത്ത് വെസ്‌റ്റേൺ റെയിൽവേ (NWR) സോൺ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ശശി കിരൺ പറഞ്ഞു. ഡൽഹി ഭാഗത്തേക്കും തിരിച്ചുമുളള ട്രെയിൻ ഗതാഗതം ആരംഭിച്ച് കഴിഞ്ഞെന്നും തങ്ങൾ ഉത്തർപ്രദേശിലേക്കുളള ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എൻഡബ്ല്യുആർ അജ്‌മീർ സ്‌റ്റേഷനിൽ ഒരു ഹെൽപ്പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ബന്ധുക്കൾക്കായി ഒരു ഹെൽപ്പ് ലൈൻ നമ്പറും (0145-2429642) പുറത്തിറക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആറ് ട്രെയിനുകൾ റദ്ദാക്കിയതായും രണ്ട് ട്രെയിനുകൾ മറ്റ് റൂട്ടുകളിലേക്ക് തിരിച്ചുവിട്ടതായും കിരൺ പറഞ്ഞു.