നാഗ്‌പൂര്‍: ജനസംഖ്യ വളര്‍ച്ച 2.1ശതമാനത്തില്‍ താഴെ ആയാല്‍ ഏതൊരു സമൂഹവും വംശനാശ ഭീഷണിയിലേക്ക് പോകുമെന്നാണ് ജനസംഖ്യാ ശാസ്‌ത്രജ്ഞന്‍മാര്‍ പറയുന്നതെന്ന് രാഷ്‌ട്രീയ സ്വയം സേവക് സംഘ്(ആര്‍എസ്എസ്) മേധാവി ഡോ.മോഹന്‍ ഭാഗവത്. നാഗ്‌പൂരില്‍ 'കാതാലെ കുൽ' സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കുഞ്ഞിന് വേണ്ടി പോലും യുവദമ്പതികള്‍ തയാറെടുക്കുന്നില്ലെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പലരും ആശങ്കകള്‍ പങ്കുവച്ച സാഹചര്യത്തിലായിരുന്നു ഭാഗവതിന്‍റെ പരാമര്‍ശം. എല്ലാ ദമ്പതിമാരും രണ്ടില്‍ കൂടുതല്‍ കുട്ടികളെക്കുറിച്ച് ഇനി ചിന്തിച്ച് തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബമെന്നത് സമൂഹത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവില്‍ നമ്മുടെ രാജ്യത്ത് ജനസംഖ്യ കുറഞ്ഞ് വരികയാണ്. ഇത് ആശങ്കാകരമായ സാഹചര്യമാണ്. ജനസംഖ്യാ വളര്‍ച്ചയുടെ മാനദണ്ഡമായി ശാസ്‌ത്രജ്ഞര്‍ കരുതുന്ന 2.1ന് താഴേക്ക് വളര്‍ച്ചാനിരക്ക് പോയാല്‍ സമൂഹം ഇല്ലാതാകും. ആര്‍ക്കും ഒരു സമൂഹത്തെ ഇല്ലാതാക്കാനാകില്ല. അത് തനിയെ ഇല്ലാതാകും. പല ഭാഷകളും സമൂഹങ്ങളും അങ്ങനെയാണ് ഇല്ലാതായതെന്നും മോഹന്‍ഭാഗവത് ചൂണ്ടിക്കാട്ടി.
2000 ത്തോടെയാണ് നമ്മുടെ രാജ്യത്തെ ജനസംഖ്യാനയം തീരുമാനിച്ചത്. 2.1ന് താഴേക്ക് ജനസംഖ്യ വളര്‍ച്ചാനിരക്ക് പോകരുതെന്ന് ഇതില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒറ്റക്കുട്ടി മതിയെന്നാണ് പലരുടെയും തീരുമാനം. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2.1ന് മുകളില്‍ നില്‍ക്കണമെങ്കില്‍ നമുക്ക് രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ വേണം. മൂന്ന് കുട്ടികളെങ്കിലും ഉണ്ടാകണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.