ഹൈദരാബാദ് : തെലങ്കാനയിൽ ആളില്ലാത്ത വീടുകളിൽ കവർച്ച. ഒരു വീട്ടിൽ നിന്ന് 30 പവൻ സ്വർണവും 20 ലക്ഷം രൂപ വിലമതിക്കുന്ന വജ്രങ്ങളും ഒരു ലക്ഷം രൂപയും കവർന്നു. നാഗോലു പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
ഞായറാഴ്‌ച (ജൂലൈ 7) പുലർച്ചെ മൂന്ന് മണിയോടെ നാല് മോഷ്‌ടാക്കൾ ഫത്തുള്ളഗുഡയിലെ ഗോൾഡൻ ലീവ്സ് വില്ലയിൽ അതിക്രമിച്ച് കടന്നതായി പൊലീസ് പറഞ്ഞു. പൂട്ടിക്കിടന്ന വീടുകൾ ലക്ഷ്യമിട്ട് മോഷണം നടത്തുന്ന സംഘമാണ് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഗോൾഡൻ ലീവ്സ് വില്ല സമുച്ചയത്തിലെ 22-ാം നമ്പര്‍ വില്ലയിലാണ് ആദ്യം മോഷണ ശ്രമം നടന്നത്.
വില്ലയുടെ പ്രധാന വാതിലിന്‍റെ പൂട്ട് തകർത്താണ് മോഷ്‌ടാക്കള്‍ അകത്ത് കടന്നത്. വിലപിടിപ്പുള്ള വസ്‌തുവകകൾ ലഭിക്കാത്തതിനെ തുടർന്ന് 89-ാം നമ്പർ വില്ലയിലേക്ക് മോഷ്‌ടാക്കൾ കയറി. അവിടെ നിന്ന് 30 പവനോളം സ്വർണവും 20 ലക്ഷം രൂപ വിലവരുന്ന വജ്രങ്ങളും ഒരു ലക്ഷം രൂപയും മോഷ്‌ടിച്ചതായി അധികൃതർ അറിയിച്ചു.
രാവിലെ വില്ലയിലെ ജോലിക്കാരി വന്നപ്പോൾ പ്രധാന വാതിൽ തുറന്നിട്ടിരിക്കുന്നത് കണ്ട് അയൽവാസികളോട് വിവരം പറയുകയായിരുന്നു. തിരുപ്പതിയിൽ നിന്ന് മടങ്ങുകയായിരുന്ന വീട്ടുടമ ഹേമലത റെഡ്ഡിയേയും ഉടൻ തന്നെ വിവരം അറിയിച്ചു. അവർ വന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ക്രൈം ഡിസിപി, എൽബിനഗർ എസിപി, നാഗോലു ഇൻസ്പെക്‌ടർ, സിസിഎസ്, എസ്ഒടി, ഐടി സെൽ എന്നീ വകുപ്പുകളിലെ സംഘങ്ങൾ ക്ലൂസ് ടീമിന്‍റെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നത്.
Also Read: ഏറ്റുമാനൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; സ്‌ത്രീയുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ