ചെന്നൈ : മഹാത്മാഗാന്ധിയെ സംബന്ധിക്കുന്ന വിവാദ പ്രസ്‌താവനയില്‍ വിശദീകരണവുമായി തമിഴ്‌നാട് ഗവർണർ ആര്‍ എന്‍ രവി. തന്‍റെ പരാമർശങ്ങൾ മഹാത്മാഗാന്ധിയെ ഇകഴ്‌ത്തി കാണിക്കണമെന്ന് ഉദ്ദേശിച്ചുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ പാഠങ്ങളാണ് എന്‍റെ ജീവിതത്തിന്‍റെ വഴികാട്ടി. സുഭാഷ് ചന്ദ്ര ബോസിന്‍റെ സായുധ വിപ്ലവത്തിന്‍റെ സ്വാധീനം ഇന്ത്യൻ സൈന്യത്തിലും സുരക്ഷാ സേനയിലും കാണാൻ കഴിയും(R.N.Ravi on Mahatma Gandhi).
തന്‍റെ ലക്ഷ്യം ഇന്ത്യൻ സ്വാതന്ത്ര്യം ത്വരിതപ്പെടുത്തിയ ചരിത്രപരമായ സന്ദർഭത്തിന് അടിവരയിടുക എന്നതായിരുന്നു. രേഖകളെ അടിസ്ഥാനമാക്കിയാണ് പ്രസ്‌താവന നടത്തിത്. ഒരിക്കലും രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയെ ഇകഴ്‌ത്തിക്കാട്ടിയിട്ടില്ല. തന്‍റെ പ്രസംഗം മുഴുവനായി മനസിലാക്കണം. ആരും തെറ്റിധരിക്കരുത്. പ്രസംഗത്തിന് മേലെയുള്ള തെറ്റായ വ്യാഖ്യാനങ്ങൾ ഒഴിവാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ വലിയ പങ്കുവഹിച്ച ആളാണ് സുഭാഷ് ചന്ദ്ര ബോസ്. അദ്ദേഹത്തിന്‍റെ വിലമതിക്കാനാവാത്ത സംഭാവനകളിലേക്ക് എല്ലാവരെയും എത്തിക്കാൻ ശ്രമിക്കുകയായിരുന്നു. 1946ൽ റോയൽ ഇന്ത്യൻ നേവിയുടെയും, എയർഫോഴ്‌സിന്‍റെയും (Royal Indian Navy and Air Force ) ആക്രമണങ്ങളില്‍ പ്രധാന പങ്ക് വഹിച്ചത് അദ്ദേഹമാണ്. നേതാജിയുടെ വിപ്ലവകരമായ പ്രവർത്തനങ്ങൾ കൊണ്ടാണ് ഇന്ത്യ വിടാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ 127ാം ജന്മവാർഷികത്തിലായിരുന്നു ആർ. എൻ. രവിയുടെ വിവാദ പരാമര്‍ശം.