ന്യൂഡൽഹി : രാജ്യസഭ തെരഞ്ഞെടുപ്പില്‍ പാർട്ടി വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്‌തതിന് ഹിമാചല്‍ പ്രദേശിലെ ആറ് കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഇവരെ വോട്ട് ചെയ്യാനോ സഭാനടപടികളിൽ പങ്കെടുക്കാനോ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
കോൺഗ്രസ് സ്ഥാനാർഥി മനു അഭിഷേക് സിംഗ്‌വിക്ക് വോട്ട് ചെയ്യാതെ പാർട്ടി വിപ്പ് ലംഘിച്ച ആറ് കോണ്‍ഗ്രസ് എംഎൽഎമാരെ ഫെബ്രുവരി 29-ന് ഹിമാചൽ പ്രദേശ് നിയമസഭ സ്‌പീക്കർ കുൽദീപ് സിംഗ് പതാനിയ അയോഗ്യരാക്കിയിരുന്നു. രജീന്ദർ സിങ് റാണ, സുധീർ ശർമ, ചൈതന്യ ശർമ, രവി താക്കൂർ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ ഭൂട്ടോ എന്നീ എംഎൽഎമാരെയാണ് അയോഗ്യരാക്കിയത്.
ഹിമാചൽ പ്രദേശില്‍ നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട തീയതി മെയ് 7 ന് ആരംഭിക്കുമെന്നും ഈ തീയതിക്ക് മുമ്പ് കോടതി വിഷയം പരിഗണിക്കണമെന്നും എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന്, പ്രധാന റിട്ട് ഹർജിയിലും സ്റ്റേ അപേക്ഷയിലും നോട്ടിസ് അയയ്‌ക്കുന്നതായും 4 ആഴ്‌ചയ്‌ക്കുള്ളിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
Also Read : ഹിമാചലില്‍ അയോഗ്യരാക്കപ്പെട്ട ആറ് എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്
ഫെബ്രുവരി 27ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിംഗിനെ തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് സിംഗ്‌വി പരാജയപ്പെടുകയും ബിജെപി നേതാവ് ഹർഷ് മഹാജൻ വിജയിക്കുകയുമായിരുന്നു. നോട്ടിസിന് മറുപടി നൽകാൻ മതിയായ സമയം ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ കോടതിയിൽ ഹർജി സമര്‍പ്പിച്ചത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും അയോഗ്യരാക്കിയ ഉത്തരവിൽ പ്രതികരിക്കാൻ തങ്ങൾക്ക് അവസരം നൽകിയില്ലെന്നും എംഎൽഎമാർ ഹർജിയിൽ ആരോപിച്ചിരുന്നു.