മുംബൈ : ലോക്സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. മുംബൈ പെദ്ദാർ റോഡിലെ ആക്ടിവിറ്റി സ്കൂളിലെ പോളിങ് സ്റ്റേഷനിൽ കുടുംബത്തോടൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്. ഓരോ ഇന്ത്യക്കാരനും വളരെ അഭിമാനകരമായ നിമിഷമാണിതെന്ന് വോട്ട് ചെയ്ത ശേഷം ആർബിഐ ഗവർണർ പറഞ്ഞു.
'ഇത് ഓരോ ഇന്ത്യക്കാരനും വളരെ അഭിമാനകരമായ നിമിഷമാണ്. 140 കോടി ജനങ്ങളുടെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിച്ചത് അഭിമാനത്തിൻ്റെ നിമിഷമാണ്. ഇന്നത്തെ വോട്ടിങ് പ്രക്രിയ വളരെ സുഗമമായിരുന്നു. അതിന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനെയും മുഴുവൻ ഉദ്യോഗസ്ഥരെയും ഞാൻ അഭിനന്ദിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഞാൻ എല്ലാ വോട്ടർമാരോടും അഭ്യർഥിക്കുന്നു'- ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
കേന്ദ്രമന്ത്രിയും മുംബൈ നോർത്ത് ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ പിയൂഷ് ഗോയലും മുംബൈയിലെ ഒരു പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. വ്യവസായി അനിൽ അംബാനിയും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. ചലച്ചിത്ര മേഖലയിലെ പ്രമുഖരടക്കമുള്ളവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ എത്തിക്കൊണ്ടിരിക്കുന്നുണ്ട്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെയാണ് ആരംഭിച്ചത്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി (യുടി) 49 പാർലമെൻ്റ് മണ്ഡലങ്ങളിലാണ് കനത്ത സുരക്ഷയ്ക്കും ക്രമീകരണങ്ങൾക്കും ഇടയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) പറയുന്നതനുസരിച്ച്, ഒഡിഷ നിയമസഭയിലെ 35 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് ഒരേസമയം നടക്കും.
അതേസമയം 4.69 കോടി പുരുഷന്മാരും 4.26 കോടി സ്ത്രീകളും 5409 മറ്റ് വിഭാഗക്കാരും ഉൾപ്പടെ 8.95 കോടി വോട്ടർമാരാണ് അഞ്ചാം ഘട്ട പോളിങ്ങിൽ വോട്ട് രേഖപ്പെടുത്താനുള്ളത്. 695 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. അഞ്ചാം ഘട്ടത്തിൽ വിവിധ മണ്ഡലങ്ങളിൽ പ്രധാന മത്സരങ്ങൾ അരങ്ങേറുന്നുണ്ട്.
രാഹുൽ ഗാന്ധി, ബിജെപി നേതാക്കളായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, പിയൂഷ് ഗോയൽ, ഉജ്ജ്വല് നികം, കരൺ ഭൂഷൺ സിങ്, എൽജെപി (രാംവിലാസ്) തലവൻ ചിരാഗ് പസ്വാൻ, ജെകെഎൻസി മേധാവി ഒമർ അബ്ദുള്ള, ആർജെഡി നേതാവ് രോഹിണി ആചാര്യ തുടങ്ങിയ നേതാക്കൾ അഞ്ചാം ഘട്ടത്തിൽ മത്സരരംഗത്തുണ്ട്.
49 ലോക്സഭ സീറ്റുകളിൽ 14 എണ്ണം ഉത്തർപ്രദേശിലും, 13 എണ്ണം മഹാരാഷ്ട്രയിലും, 7 എണ്ണം പശ്ചിമ ബംഗാൾ, 5 എണ്ണം ബിഹാർ, 3 എണ്ണം ജാർഖണ്ഡ്, 5 എണ്ണം ഒഡിഷ, ജമ്മു കശ്മീർ, ലഡാക്ക് ഓരോന്ന് എന്നിങ്ങനെയാണ് മത്സരം നടക്കുന്നത്. സുഗമമായ വോട്ടെടുപ്പിനായി 94,732 പോളിങ് സ്റ്റേഷനുകളിലായി 2000 ഫ്ലയിങ് സ്ക്വാഡുകളും 2105 സ്റ്റാറ്റിക് സർവെയ്ലൻസ് ടീമുകളും 881 വീഡിയോ നിരീക്ഷണ ടീമുകളും 502 വീഡിയോ വ്യൂവിങ് ടീമുകളും രാപ്പകൽ നിരീക്ഷണത്തിലാണ്. മതിയായ തണൽ, കുടിവെള്ളം, റാമ്പുകൾ, ടോയ്ലറ്റുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയോടെ വോട്ടർമാരെ സ്വീകരിക്കാൻ പോളിങ് സ്റ്റേഷനുകൾ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ALSO READ: 'എൻ്റെ ഇന്ത്യ വികസിക്കണമെന്ന് ആഗ്രഹിക്കുന്നു'; മുംബൈയിൽ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാർ