മുംബൈ (മഹാരാഷ്‌ട്ര) : വോര്‍ളി ഡോ.ഇ മോസസ് റോഡിലുള്ള പൊതുശ്‌മശാനം പതിവിലും ശബ്‌ദമുഖരിതമായിരുന്നു. ഒരു രാജ്യത്തിന്‍റെയാകെ ആദരം ഏറ്റുവാങ്ങിക്കൊണ്ട് ഇന്ത്യന്‍ വ്യവസായത്തിന്‍റെ രത്‌നകല, രത്തന്‍ ടാറ്റയുടെ അവസാന യാത്ര. പറഞ്ഞുപരന്ന കോര്‍പറേറ്റ് കടുംപിടുത്തങ്ങള്‍ക്ക് നേര്‍ വിപരീതമായി മനുഷ്യസ്‌നേഹത്തിന്‍റെ വിത്ത് പാകിയ മഹാരഥന് അന്ത്യവിശ്രമം ഒരുക്കിയത് പാഴ്‌സി ആചാരപ്രകാരം. ശ്‌മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകള്‍ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കിയത് പൊലീസ് സേനയായിരുന്നു.
വ്യവസായ രംഗത്തെ യുഗാന്ത്യത്തിന് സാക്ഷിയായി രാഷ്‌ട്രീയം, കല-സാംസ്‌കാരികം, വ്യവസായം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ വോര്‍ളിയിലെ പൊതുശ്‌മശാനത്തിലുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങില്‍ പങ്കാളിയായി. നരിമാന്‍ പോയിന്‍റിലെ എന്‍സിപിഎ (നാഷണല്‍ സെന്‍റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സ്) ഹാളില്‍ നടന്ന പൊതുദര്‍ശനത്തിലും പങ്കെടുത്തത് ആയിരങ്ങള്‍.
മഹാരാഷ്‌ട്രയില്‍ രത്തന്‍ ടാറ്റയുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ഇന്ന് ദുഃഖം ആചരണമായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ പതാക പകുതി താഴ്‌ത്തി കെട്ടിയും സര്‍ക്കാര്‍ പരിപാടികള്‍ റദ്ദാക്കിയുമാണ് സംസ്ഥാനം മഹാകായന്‍റെ വിടവാങ്ങലില്‍ ദുഃഖം രേഖപ്പെടുത്തിയത്.
ആദരാഞ്ജലി അർപ്പിച്ച് പ്രമുഖര്‍ : രത്തൻ ടാറ്റയുടെ മരണം രാജ്യത്തിനും വ്യവസായ മേഖലയ്‌ക്കും തീരാനഷ്‌ടമാണെന്ന് പലരും പ്രതികരിച്ചു. രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാർ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, ഉദ്ധവ് താക്കറെ, രാജ് താക്കറെ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങി നിരവധി പേര്‍ രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നലെ രാത്രി 11.45ഓടെയാണ് രത്തന്‍ ടാറ്റയുടെ മരണം സ്ഥിരീകരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെ തനിക്ക് വലിയ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വ്യക്തമാക്കി കൊണ്ട് രത്തന്‍ ടാറ്റ തന്നെ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇന്നലെ (ഒക്‌ടോബര്‍ 9) വൈകിട്ടോടെ ആരോഗ്യ സ്ഥിതി വഷളാകുകയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം.