ജയ്‌പൂർ : രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിൻ്റെ വാർഷിക ഉത്സവ ദിനങ്ങളുടെ പട്ടികയിൽ രാംലല്ല പ്രാണപ്രതിഷ്‌ഠ ദിനവും. ഇതോടെ രാജസ്ഥാനിലെ സർക്കാർ സ്‌കൂളുകൾ ജനുവരി 22ന് രാംലല്ല പ്രാണപ്രതിഷ്‌ഠ ദിനമായി ആഘോഷിക്കും. രാജസ്ഥാൻ സ്‌കൂൾ എജ്യുക്കേഷൻ കൗൺസിൽ അടുത്തിടെയാണ് കലണ്ടറിൽ ഈ കൂട്ടിച്ചേർക്കൽ നടത്തിയത്.
കലണ്ടറിൽ സ്‌കൂളുകളിൽ ആഘോഷിക്കേണ്ട ഉത്സവങ്ങളുടെയും ദിവസങ്ങളുടെയും തീയതികൾ പരാമർശിക്കുന്നുണ്ട്. അതേസമയം ഈ ദിവസങ്ങൾ എങ്ങനെ ആഘോഷിക്കണമെന്നോ വിദ്യാർഥികൾ എന്തുചെയ്യണമെന്നോ പ്രത്യേകമായി കലണ്ടറിൽ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, ഉത്സവങ്ങൾ എങ്ങനെ ആഘോഷിക്കണം എന്നതിനെക്കുറിച്ചുള്ള പൊതുവായ നിർദേശങ്ങൾ കലണ്ടറിൽ പറയുന്നുണ്ട്.
ഇത്തരം ദിവസങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തണമെന്നും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളെ അറിയിക്കണമെന്നുമാണ് ആദ്യ ടിപ്പായി കലണ്ടറിൽ പറയുന്നത്. പ്രത്യേക ദിവസത്തിൻ്റെ പ്രാധാന്യം ചിത്രീകരിക്കുന്ന ചിത്രങ്ങൾ വരക്കണമെന്നും നിർദേശമുണ്ട്. മൂന്ന് ദിവസം മുമ്പ് സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ ആണ് ഈ കലണ്ടർ പുറത്തിറക്കിയതെന്ന് അദ്ദേഹത്തിൻ്റെ ഓഫിസ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
കലണ്ടർ അനുസരിച്ച്, വിദ്യാർഥികൾ സ്‌കൂളിൽ രക്ഷാബന്ധൻ ആഘോഷിക്കും. അവിടെ വിദ്യാർഥികൾ ഈ ഉത്സവത്തിന് ഒരു ദിവസം മുമ്പ് പരസ്‌പരം രക്ഷാസൂത്രം കെട്ടണം. ഈ വർഷത്തെ രക്ഷാബന്ധൻ ഓഗസ്റ്റ് 19-ന് തിങ്കളാഴ്‌ചയാണ്. സ്‌കൂളുകളിൽ ശനിയാഴ്‌ച (ഓഗസ്റ്റ് 17) ആണ് ഈ ഉത്സവം ആഘോഷിക്കുക.
ALSO READ: 'ഒരൊറ്റ മഴയില്‍ അയോധ്യ മുഴുവന്‍ മുങ്ങി'; ആരോപണവുമായി ആം ആദ്‌മി പാര്‍ട്ടി