ബെംഗളൂരു : തങ്ങളുടെ യശ്വന്ത്പുര നിയോജക മണ്ഡലം എംഎൽഎ എസ് ടി സോമശേഖർ രാജ്യസഭ തെരഞ്ഞെടുപ്പിൽ (Rajya Sabha Polls) ക്രോസ് വോട്ട് ചെയ്‌തതായി ബിജെപി വൃത്തങ്ങൾ. ഇദ്ദേഹം കോൺഗ്രസ് സ്ഥാനാർഥിക്ക് ക്രോസ് വോട്ട് ചെയ്‌തതായാണ് വിവരം. മനസ്സാക്ഷി വോട്ടാണ് താന്‍ ചെയ്‌തത് എന്ന് എംഎല്‍എ പ്രതികരിച്ചിരുന്നു. തന്‍റെ ആഗ്രഹപ്രകാരമാണ് വോട്ട് ചെയ്‌തതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
വിഷയത്തില്‍ പ്രതിപക്ഷ നേതാവ് ആർ. അശോക് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുമായി ആശയവിനിമയം നടത്തിയതായി സൂചനയുണ്ട്. ഗ്രാന്‍റ് നൽകുന്നവർക്ക് മനസ്സാക്ഷി വോട്ട് ചെയ്യുമെന്ന് വോട്ടെടുപ്പിന് മുമ്പ് എസ് ടി സോമശേഖർ പറഞ്ഞിരുന്നു. കഴിഞ്ഞ 11 വർഷമായി ഞാൻ എല്ലാവർക്കും വോട്ട് ചെയ്‌തിട്ടുണ്ട്. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ഒരു രൂപ പോലും ഗ്രാന്‍റ് നൽകിയിരുന്നില്ല. കഴിഞ്ഞ തവണ ഞാൻ നിർമല സീതാരാമനാണ് വോട്ട് ചെയ്‌തത്. അവർ എന്നെ അവഗണിച്ചു, അവർ ഒരിക്കലും തനിക്ക് അപ്പോയിന്‍റ്‌മെന്‍റ് തന്നിരുന്നില്ലെന്നും എസ് ടി സോമശേഖർ ആരോപിച്ചിരുന്നു.
ഞങ്ങൾ ഐക്യം കാണിക്കുകയും അഞ്ചാം സ്ഥാനാർത്ഥിയായി കുപേന്ദ്ര റെഡ്ഡിയെ രംഗത്തിറക്കുകയും ചെയ്‌തു. ഞങ്ങളുടെ 19 എംഎൽഎമാരും വിശ്വസ്‌തരാണ് - ഇങ്ങനെയായിരുന്നു എച്ച് ഡി കുമാരസ്വാമിയുടെ പ്രതികരണം. കഴിഞ്ഞ ബിജെപി സർക്കാരിൽ 3 വർഷം മന്ത്രിയായിരുന്നു എസ് ടി സോമശേഖർ. കോൺഗ്രസിലായിരുന്നപ്പോൾ മണ്ഡലത്തിന് ഫണ്ട് ലഭിച്ചില്ലെന്ന് സോമശേഖർ ആരോപിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ഥി നാരായണസ്വാമി തീർച്ചയായും വിജയിക്കുമെന്നും, എൻഡിഎ സ്ഥാനാർത്ഥിയായ കുപേന്ദ്ര റെഡ്ഡി വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു ആർ അശോകിന്‍റെ പ്രതികരണം.