രാജ്യത്തെ ചില ട്രെയിനുകളുടെ നമ്പറിൽ മാറ്റം വരുത്തി റെയിൽവേ. നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ ചില സൂപ്പർ ഫാസ്‌റ്റ് ട്രെയിനുകളുടെയും എക്‌സ്‌പ്രസ് ട്രെയിനുകളുടെയും നമ്പറുകളിലാണ് പരിഷ്‌കരണം കൊണ്ടുവരുന്നത്. 2024 ജൂലൈ 1 മുതലാണ് ട്രെയിൻ നമ്പറുകളിലെ മാറ്റം നിലവിൽ വരുക. നിരവധി ട്രെയിനുകളുടെ നമ്പരുകൾ പരിഷ്‌കരിക്കുമെന്ന് നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ദീർഘദൂര റൂട്ടുകളിൽ ഓടുന്ന നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ കാര്യക്ഷമത കൂട്ടാനും അവയെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുമാണ് പുതിയ മാറ്റങ്ങൾ. കേരളത്തിലൂടെ ഓടുന്ന 2 ട്രെയിനുകളുടെ നമ്പറുകളും മാറിയിട്ടുണ്ട്. സിൽചാർ - തിരുവനന്തപുരം സെൻട്രൽ വീക്ക്ലി എക്‌സ്‌പ്രസ്, കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്‌സ്‌പ്രസ് എന്നിവയുടെ നമ്പറുകളാണ് മാറിയത്.
റെയിൽവേയുടെ നമ്പറിങ് ശൈലി പ്രകാരം ട്രെയിന്‍ നംബറുകളുടെ രണ്ടാം അക്കം അവ ഏത് റെയിൽവേ സോണിൽ ആണെന്നതിനെ സൂചിപ്പിക്കുന്നു. നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ ട്രെയിനുകളെ സൂചിപ്പിക്കുന്ന രണ്ടാം അക്കം 5 ആണ്. എന്നാല്‍ അവരുടെ ചില ട്രെയിനുകളില്‍ സൂപ്പര്‍ ഫാസ്‌റ്റ് ട്രെയിനുകൾക്ക് പൊതുവേ രണ്ടാം അക്കമായി അനുവദിക്കുന്ന 2 ആണ് ഉണ്ടായിരുന്നത്. ആദ്യ അക്കം 0, 1, 2 എന്നിങ്ങനെയും രണ്ടാമത്തെ അക്കം 2 ഉം ആണെങ്കിൽ, മൂന്നാമത്തെ അക്കമാകും ട്രെയിൻ പരിപാലിക്കുന്ന റെയിൽവേ സോണിനെ സൂചിപ്പിക്കുക.
പരിഷ്‌കരിച്ച ട്രെയിൻ നമ്പരുകൾ ഏതൊക്കെയെന്ന് അറിയാം...
ട്രെയിൻ നമ്പർ & പേര് | നിലവിലെ ട്രെയിൻ നമ്പർ | പുതുക്കിയ ട്രെയിൻ നമ്പർ |
ട്രെയിൻ നമ്പർ 12503 ബെംഗളൂരു കൻ്റോൺമെൻ്റ് - അഗർത്തല ഹംസഫർ ബൈ-വീക്ക്ലി എക്‌സ്‌പ്രസ് | 12503 | 15673 |
ട്രെയിൻ നമ്പർ 12504 അഗർത്തല - ബെംഗളൂരു കൻ്റോൺമെൻ്റ് ഹംസഫർ ദ്വൈ-വീക്ക്ലി എക്‌സ്‌പ്രസ് | 12504 | 15674 |
ട്രെയിൻ നമ്പർ 12507 തിരുവനന്തപുരം സെൻട്രൽ - സിൽചാർ അറോണൈ പ്രതിവാര എക്‌സ്‌പ്രസ് | 12507 | 15677 |
ട്രെയിൻ നമ്പർ 12508 സിൽചാർ - തിരുവനന്തപുരം സെൻട്രൽ വീക്ക്ലി എക്‌സ്‌പ്രസ് | 12508 | 15678 |
ട്രെയിൻ നമ്പർ 12509 SMVT ബെംഗളൂരു - ഗുവാഹത്തി ട്രൈ-വീക്ക്ലി സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് | 12509 | 15679 |
ട്രെയിൻ നമ്പർ 12510 ഗുവാഹത്തി - SMVT ബെംഗളൂരു ട്രൈ-വീക്ക്ലി സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് | 12510 | 15680 |
ട്രെയിൻ നമ്പർ 12515 കോയമ്പത്തൂർ - സിൽചാർ പ്രതിവാര എക്‌സ്‌പ്രസ് | 12515 | 15675 |
ട്രെയിൻ നമ്പർ 12516 സിൽചാർ - കോയമ്പത്തൂർ പ്രതിവാര എക്‌സ്‌പ്രസ് | 12516 | 15676 |
ട്രെയിൻ നമ്പർ. 22503 കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്‌സ്‌പ്രസ് (ആഴ്‌ചയിൽ 5 ദിവസം) | 22503 | 15905 |
ട്രെയിൻ നമ്പർ. 22504 ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്‌സ്‌പ്രസ് (ആഴ്‌ചയിൽ 5 ദിവസം) | 22504 | 15906 |
ട്രെയിനുകളെ നമ്പര്‍ നോക്കി തിരിച്ചറിയുന്നതെങ്ങനെ?
ട്രെയിൻ നമ്പറിൻ്റെ ആദ്യ അക്കം ട്രെയിനുകളുടെ ഏത് വിഭാഗത്തിലാണെന്ന് സൂചിപ്പിക്കുന്നു.
- 0 (0XXXX) സ്‌പെഷ്യൽ ട്രെയിനുകൾക്കാണ് ആദ്യ അക്കമായി 0 ഉണ്ടാകുക. വേനൽ, അവധിക്കാല, പരീക്ഷാ കാലത്ത് പ്രത്യേക ട്രെയിനുകൾ അനുവദിക്കാറുണ്ട്. യാത്രക്കാരുടെ തിരക്ക് കുറയ്ക്കുക എന്നതാണ് സ്‌പെഷ്യൽ ട്രെയിനുകൾകൊണ്ട് ഉദ്ദേശിക്കുന്നത്.
- 1 അല്ലെങ്കിൽ 2 (1XXXX അല്ലെങ്കിൽ 2XXXX) എന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ സൂപ്പർഫാസ്‌റ്റ്, എക്‌സ്‌പ്രസ് ട്രെശ്രേണിയിലുള്ള ദീർഘദൂര ട്രെയിനുകളെ സൂചിപ്പിക്കുന്നു.
- 3 (3XXXX) എന്ന് തുടങ്ങുന്ന അക്കം കൊൽക്കത്ത സബർബൻ റെയിൽവേയുടേതാണ്.
- 4 (4XXXX) ൽ ആരംഭിക്കുന്ന ട്രെയിനുകൾ ചെന്നൈ, ഡൽഹി സബർബൻ റെയിൽവേ, ഹൈദരാബാദ് മൾട്ടി മോഡൽ ട്രാൻസ്‌പോർട്ട് സിസ്‌റ്റം എന്നിവ പോലുള്ള സബർബൻ ട്രെയിനുകൾക്കാണ് നൽകാറുള്ളത്.
- 5 (5XXXX) ൽ ആരംഭിക്കുന്ന നമ്പർ പരമ്പരാഗത കോച്ചുകളുള്ള പാസഞ്ചർ ട്രെയിനുകൾക്കാണ് നൽകുന്നത്.
- 6 (6XXXX) ൽ ആരംഭിക്കുന്ന നമ്പർ മെമു ട്രെയിനുകളുടേതാണ്
- 7 (7XXXX) എന്ന് ആരംഭിക്കുന്ന നമ്പറുകൾ ഡീസൽ മൾട്ടിപ്പൾ യുണിറ്റ്, റെയിൽകാറുകൾ എന്നിവയെ സൂചിപ്പിക്കുന്നു.
- 8 (8XXXX) ൽ തുടങ്ങുന്ന നമ്പറുകൾ സുവിധ എക്‌സ്‌പ്രസ് ട്രെയിനുകൾക്കാണ് നൽകാറ്.
- 9 (9XXXX)ൽ ആരംഭിക്കുന്ന ട്രെയിൻ നമ്പറുകൾ മുംബൈ സബർബൻ റെയിൽവേയുടേതാണ്.