മെഹോബ: ഉത്തര്‍പ്രദേശിലെ ഉഷ്‌ണതരംഗം ട്രെയിന്‍ ഓടിച്ച് കൊണ്ടിരുന്ന ഡ്രൈവറെയും തളര്‍ത്തി. മഹോബയിലാണ് ട്രെയിന്‍ ഓടിക്കുന്നതിനിടെ ലോക്കോ പൈലറ്റ് കുഴഞ്ഞ് വീണത്. എന്‍ജിനുള്ളിലെ ചൂടും ഒന്‍പത് മണിക്കൂര്‍ നീണ്ട ഡ്യൂട്ടിയും പുറത്തെ ഉഷ്‌ണതരംഗവും ചേര്‍ന്നാണ് ഡ്രൈവര്‍ വിനോദ് കുമാര്‍ കുഴഞ്ഞ് വീഴാന്‍ ഇടയാക്കിയത്.
ഇദ്ദേഹത്തിന് ഛര്‍ദ്ദിയും ഉണ്ടായി. മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു. തുടര്‍ന്ന് ബോധരഹിതനാകുകയും ചെയ്‌തു. സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തെ തുടര്‍ന്ന് രണ്ടരമണിക്കൂറോളം ചരക്ക് ട്രെയിന്‍ മഹോബ സ്‌റ്റേഷനില്‍ നിര്‍ത്തിയിടേണ്ടി വന്നു. പിന്നീട് രണ്ടാം ലോക്കോ പൈലറ്റ് ട്രെയിന്‍ ബാണ്ടയിലേക്ക് കൊണ്ടുപോയി.
മഹോബ ജില്ലയില്‍ താപനില 48 ഡിഗ്രി കടന്നു. താന്‍ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ പത്ത് ലിറ്റര്‍ വെള്ളം കുടിക്കുന്നുവെന്നാണ് സഹലോക്കോ പൈലറ്റ് ഗഗന്‍ സെയ്‌നി പറഞ്ഞത്.
മഹോബയില്‍ എത്തും മുമ്പ് തന്നെ വിനോദ് കുമാറിന്‍റെ നില വഷളായിരുന്നു. മഹോബയ്ക്ക് മുമ്പ് കുല്‍പാഹറില്‍ ട്രെയിന്‍ നിര്‍ത്തുകയും ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്‌തു. എങ്ങനെയെങ്കിലും മഹോബ സ്‌റ്റേഷനില്‍ എത്താനായിരുന്നു ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. ആരോഗ്യസ്ഥിതി വളരെ മോശമായിട്ടും എങ്ങനെയോ അദ്ദേഹം ട്രെയിന്‍ മഹോബയില്‍ എത്തിച്ചു.
മേല്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പതിനൊന്ന് മണിക്കൂറിലേറെ പണിയെടുക്കാന്‍ നിര്‍ബന്ധിച്ചതായും ആരോപണമുണ്ട്. ആരോഗ്യസ്ഥിതി ഏറെ മോശമായിരുന്നിട്ടും വീണ്ടും ട്രെയിന്‍ ഓടിക്കാനും നിര്‍ബന്ധിച്ചു. മഹോബയില്‍ എത്തി ട്രെയിനില്‍ നിന്നിറങ്ങിയ ഉടന്‍ തന്നെ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. അമിത ചൂട് മൂലമാണ് വിനോദ് കുമാറിന് ഈ സ്ഥിതി ഉണ്ടായതെന്ന് ഡോ.വിഷ്‌ണുഗുപ്‌ത പറഞ്ഞു. ഉഷ്‌ണതരംഗത്തിന്‍റെ ലക്ഷണങ്ങള്‍ അദ്ദേഹത്തില്‍ കാണാനുണ്ടെന്നും ഡോക്‌ടര്‍ പറഞ്ഞു.