ന്യൂഡല്‍ഹി: റായ്‌ബറേലി ലോക്‌സഭ സീറ്റില്‍ തുടരുമെന്നും വയനാട് ഒഴിയുമെന്നും അറിയിച്ച് ലോക്‌സഭ സ്‌പീക്കര്‍ക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്നാണ് (ജൂണ്‍ 18) ഇതുസംബന്ധിച്ച് രാഹുല്‍ ഗാന്ധി സ്‌പീക്കര്‍ക്ക് കത്ത് നല്‍കിയത്. അതേസമയം വയനാട്ടില്‍ നിന്ന് പ്രിയങ്കഗാന്ധി ജനവിധി തേടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.
പ്രിയങ്കയും തെരഞ്ഞെടുക്കപ്പെട്ടാല്‍ നെഹ്റു കുടുംബത്തില്‍ നിന്ന് ഒരേസമയം മൂന്ന് പേര്‍ പാര്‍ലമെന്‍റില്‍ എത്തും. സോണിയ രാജ്യസഭയിലും മക്കളായ രാഹുലും പ്രിയങ്കയും ലോക്‌സഭയിലും. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധിയും അറിയിച്ചു. എന്നാല്‍ പതിറ്റാണ്ടുകളായുള്ള തന്‍റെ അമേഠി, റായ്‌ബറേലി ബന്ധം തുടരുമെന്നും പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ട്.
വയനാടിനെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. രാഹുലിന്‍റെ അസാന്നിധ്യം വയനാടന്‍ ജനതയെ താന്‍ അറിയിക്കില്ല. മികച്ചൊരു പ്രതിനിധിയാകാനും എല്ലാവര്‍ക്കും സന്തോഷമുണ്ടാക്കാനും താന്‍ കഠിന പ്രവര്‍ത്തനം കാഴ്‌ച വയ്ക്കുമെന്നും പ്രിയങ്ക പറഞ്ഞു.
റായ്‌ബറേലിയില്‍ തന്‍റെ സഹോദരന് വേണ്ട സഹായങ്ങള്‍ ചെയ്യും. വയനാട്ടിലും റായ്‌ബറേലിയിലും തങ്ങളുടെ രണ്ടുപേരുടെയും സാന്നിധ്യമുണ്ടാകും. രണ്ട് പ്രധാന മണ്ഡലങ്ങളില്‍ നിന്ന് ഇരുവരും ലോക്‌സഭയിലെത്തണമെന്ന ആഗ്രഹം പല കോണ്‍ഗ്രസ് നേതാക്കളും പങ്കുവച്ചിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ റായ്‌ബറേലി സീറ്റ് നിലനിര്‍ത്താനുള്ള രാഹുലിന്‍റെ തീരുമാനത്തെ കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി അഭിനന്ദിച്ചു. ശരിയായ രാഷ്‌ട്രീയ തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതാവ് പ്രിയങ്ക ഗാന്ധി പാര്‍ലമെന്‍റ് രാഷ്‌ട്രീയത്തിലേക്ക് കടന്നുവന്നതിനെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും അഭിനന്ദിച്ചു. പ്രിയങ്ക അവരുടെ ശബ്‌ദമാകുന്നതിലൂടെ വയനാട്ടിലെ ജനങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.
Also Read:അരങ്ങേറ്റം ദക്ഷിണേന്ത്യയിൽ; പുതിയ റോളിൽ പ്രിയങ്കയെത്തുമ്പോൾ.