പ്രയാഗ്‌രാജ്: ഉത്തർപ്രദേശിൽ ഒരു സീറ്റിൽ മാത്രമേ ബിജെപി വിജയിക്കൂവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി മത്സരിക്കുന്ന വാരണാസിയില്‍ മാത്രമാകും പാര്‍ട്ടി ജയിക്കുക എന്നും രാഹുല്‍ പറഞ്ഞു. അലഹാബാദിലെ ഇന്ത്യ മുന്നണി സ്ഥാനാർഥി ഉജ്ജ്വൽ രമൺ സിങിനെ പിന്തുണച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം നടത്തിയ സംയുക്ത തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നും രാഹുലിന്‍റെ പരാമര്‍ശം.
ഭരണഘടനയെ രക്ഷിക്കാനാണ് തങ്ങളുടെ പോരാട്ടം. ബിജെപിയും ആർഎസ്എസും ഭരണഘടനയെ ആക്രമിക്കുകയാണ്, ഒരു ശക്തിക്കും ഭരണഘടന കീറാനോ വലിച്ചെറിയാനോ കഴിയില്ലെന്നും രാഹുല്‍ വ്യക്‌തമാക്കി.
“കാർഷിക ഉൽപന്നങ്ങളുടെ എംഎസ്‌പിക്കായി(മിനിമം താങ്ങുവില) ഞങ്ങൾ ഒരു നിയമം ഉണ്ടാക്കാൻ പോകുകയാണ്, കൂടാതെ തൊഴിൽ രഹിതരായ യുവാക്കൾക്ക് ഞങ്ങൾ പിന്തുണ നൽകും. അഗ്നിവീർ പദ്ധതിയെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുകയും, മുമ്പ് നടത്തിയിരുന്നതുപോലെ തന്നെ സായുധ സേനയിലേക്ക് റിക്രൂട്ട്‌മെൻ്റ് നടത്തുകയും ചെയ്യും”. രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം ജനങ്ങളുടെ ജീവിതത്തിനും ഭരണഘടനയ്ക്കും പിന്നാലെയാണ് ബിജെപിയെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. കൊവിഡ് വാക്‌സിൻ ഉപയോഗിച്ച് ബിജെപി നമ്മുടെ ജീവൻ അപകടത്തിലാക്കി, ഇപ്പോൾ ഭരണഘടനയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യ സർക്കാർ രൂപീകരിച്ചതിന് ശേഷം യുവാക്കൾക്ക് ജോലി നൽകും. സായുധസേനയിലെ അഗ്നിവീർ പദ്ധതി ഞങ്ങൾ എടുത്തുകളയുകയും സ്ഥിരമായ ജോലികൾ നൽകുകയും ചെയ്യും.” അഖിലേഷ് യാദവ് പറഞ്ഞു.
അലഹാബാദ് ലോക്‌സഭ മണ്ഡലത്തിൽ നിന്നാണ് ഉജ്ജ്വൽ രമൺ സിങ് മത്സരിക്കുന്നത്. ബിജെപിയുടെ നീരജ് ത്രിപാഠിയാണ് എതിർ സ്ഥാനാർഥി. മെയ് 25 നാണ് അലഹാബാദിൽ വോട്ടെടുപ്പ് നടക്കുന്നത്.