ചണ്ഡീഗഡ്: ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടന പൊളിച്ചെഴുതുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഞ്ചാബില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടിവരുകയാണെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ ലുധിയാന സ്ഥാനാർത്ഥി അമരീന്ദർ സിങ് രാജ വാറിങ്ങിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഭരണഘടന മാറ്റുമെന്നും ഇല്ലാതാക്കുമെന്നും പറയുന്ന ആദ്യത്തെ പാര്‍ട്ടിയാണ് ബിജെപി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടന അമര്‍ച്ചചെയ്യാന്‍ ബിജെപി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇതൊരു പുസ്‌തകമല്ല മറിച്ച് പാവപ്പെട്ടവരുടെ ശബ്‌ദമാണെന്ന് ഊന്നിപ്പറഞ്ഞു. 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഭരണഘടനയെ രക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ബ്ലോക്ക് അധികാരത്തിൽ വന്നാൽ നടപ്പാക്കാന്‍ പോകുന്ന മഹാലക്ഷ്‌മി സ്‌കീം, കർഷകർക്കുള്ള വായ്‌പ, താങ്ങുവില തുടങ്ങിയ പദ്ധതികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. എംഎസ്‌പിക്ക് (താങ്ങുവില) കാവി പാർട്ടി നിയമപരമായ ഗ്യാരണ്ടി നൽകുന്നില്ലെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ്, കർഷക സൗഹൃദ വിള ഇൻഷുറൻസ് പദ്ധതി കൊണ്ടുവരുമെന്ന് വാഗ്‌ദാനം ചെയ്‌തു.
നിലവിലെ ഇൻഷുറൻസ് പദ്ധതി 16 ഇൻഷുറൻസ് കമ്പനികൾക്ക് മാത്രം പ്രയോജനം ചെയ്യുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ അഗ്‌നിപഥ് പദ്ധതിയെ വിമര്‍ശിച്ച അദ്ദേഹം ഇന്ത്യ ബ്ലോക്ക് അധികാരത്തിൽ വന്നാൽ പദ്ധതിയെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുമെന്നും തുറന്നടിച്ചു.
ALSO READ: പ്രജ്വല്‍ രേവണ്ണ തിരികെ ഇന്ത്യയിലേക്ക്; ബെംഗളുരുവിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്‌തു