ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കും. അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം, നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനമായ ഇന്ന് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. പ്രിയങ്ക മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഗാന്ധി കുടുംബത്തോട് ഏറെ അടുപ്പമുള്ള കെ എല്‍ ശര്‍മ്മ അമേഠിയില്‍ നിന്ന് മത്സരിക്കും. 2019ല്‍ രാഹുല്‍ ബിജെപി നേതാവ് സ്‌മൃതി ഇറാനിയോട് പരാജയപ്പെട്ട സീറ്റാണിത്. ഈ മാസം 20ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഈ മണ്ഡലങ്ങളില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമാണിന്ന്. സോണിയ രാജ്യസഭാംഗമാകുന്നത് വരെ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് റായ്ബറേലി. കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയാണിത്. 1951 മുതലുള്ള പൊതുതെരഞ്ഞെടുപ്പില്‍ മൂന്ന് തവണ മാത്രമാണ് മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടത്.
Also Read: 'മോദിയുടെ ശ്രമം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സംവരണം അവസാനിപ്പിക്കാന്‍'; തുറന്നടിച്ച് രാഹുല്‍ ഗാന്ധി
ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ഫിറോസ് ഗാന്ധിയെ രണ്ട് തവണ ഇവിടുത്ത ജനത വിജയിപ്പിച്ചു. 1952ലും 57ലുമായിരുന്നു ഫിറോസിന്‍റെ വിജയം. 1962ലും 99ലും മാത്രമാണ് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഈ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാതിരുന്നത്. ഗാന്ധി-നെഹ്‌റു കുടുംബത്തിന്‍റെ ഉറച്ച കോട്ടയാണ് ഇരുമണ്ഡലങ്ങളും. പതിറ്റാണ്ടുകളോളം ഈ കുടുംബമാണ് ഈ സീറ്റുകള്‍ കൈവശം വച്ചിരുന്നത്.
ഉത്തര്‍പ്രദേശില്‍ പതിനേഴ് മണ്ഡലങ്ങളില്‍ നിന്നാണ് കോണ്‍ഗ്രസ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ അമേഠിയില്‍ രാഹുലിനേറ്റ പരാജയം പാര്‍ട്ടിക്കേറ്റ കനത്ത ക്ഷതമായിരുന്നു. ഇതോടെ പാര്‍ട്ടിയുടെ ദേശീയതലത്തിലുണ്ടായിരുന്ന സല്‍പ്പേരും പോയിരുന്നു.
രാഹുലിന്‍റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെയും മണ്ഡലമായിരുന്നു ഇത്. 1981മുതല്‍ മരിക്കുന്ന 1991 വരെ രാജീവ് ഗാന്ധി പ്രതിനിധീകരിച്ചിരുന്നത് അമേഠിയെ ആയിരുന്നു.
1999 മുതല്‍ സോണിയ അമേഠിയെ പ്രതിനിധീകരിച്ചു. പിന്നീട് 2004ല്‍ രാഹുലിന് കൈമാറി. രാഹുല്‍ നിലവില്‍ വയനാട് ലോക്‌സഭ മണ്ഡലത്തിലെ പ്രതിനിധിയാണ്. സ്‌മൃതി ഇറാനി തന്നെയാണ് ഇക്കുറിയും ബിജെപിക്ക് വേണ്ടി അമേഠിയില്‍ പോരിനിറങ്ങിയിട്ടുള്ളത്.