ന്യൂഡൽഹി : ബിജെപിയുടെ വിഭജന രാഷ്‌ട്രീയത്തിനെതിരെ ശക്തമായി പോരാടണമെന്ന് യുവനേതാക്കളോട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും. ഭരണഘടനയെ സംരക്ഷിച്ച് പാർട്ടി സംഘടനയെ ശക്തിപ്പെടുത്തണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. പുതുതായി നിയോഗിക്കപ്പെട്ട 75-ഓളം എഐസിസി സെക്രട്ടറിമാരുമായും ജോയിന്‍റ് സെക്രട്ടറിമാരുമായുള്ള കൂടിക്കാഴ്‌ചയിലാണ് രാഹുലിന്‍റെയും ഖാര്‍ഗെയുടേയും വാക്കുകള്‍.
കോൺഗ്രസ് സാമൂഹിക പരിവർത്തനത്തിനായി പ്രവർത്തിക്കുന്ന ഒരു ശക്തിയാണ്. എന്നാല്‍ ബിജെപി സാമൂഹിക സ്‌തംഭനത്തെ പ്രതിനിധീകരിക്കുന്നുവെന്ന് എഐസിസി ഭാരവാഹി ബിഎം സന്ദീപ് ഇടിവി ഭാരതിനോട് പറഞ്ഞു.
ജാർഖണ്ഡ്, മഹാരാഷ്‌ട്ര, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്‌മീരും തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന സമയത്താണ് എഐസിസിയിൽ പുനഃസംഘടന നടത്തിയത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ ആളുകളുടെ ശക്തമായ പ്രാതിനിധ്യമുള്ള പുതിയ കമ്മിറ്റിയില്‍ യുവത്വത്തിന്‍റെ ആവേശവും ഏറെയാണ്. ഇതു പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ബിഎം സന്ദീപ് പറഞ്ഞു.
പുതിയ ടീം പാർട്ടിയെ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് വളരാനും വരും ദിവസങ്ങളിൽ നവോന്മേഷത്തോടെ പ്രവർത്തിക്കാനും സഹായിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സന്ദീപിനൊപ്പം രാജസ്ഥാനിൽ നിന്ന് മഹാരാഷ്‌ട്രയിലേക്ക് മാറ്റിയ എഐസിസി ഭാരവാഹി ഖാസി നിസാമുദ്ദീൻ ഇടിവി ഭാരതിനോട് പറഞ്ഞു.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന മധ്യപ്രദേശിലും അയൽ സംസ്ഥാനമായ ഛത്തീസ്‌ഗഡിലും തിരിച്ചെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എംപിയിലെ 29 പാർലമെന്‍റ് സീറ്റുകളിൽ ഒരു സീറ്റും നേടാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ഛത്തീസ്‌ഗഡിലെ 11 സീറ്റിൽ ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.
അതിനുശേഷം പിസിസി തലവൻമാരായ ജിതു പട്വാരിയുടെയും ദീപക് ബൈജിൻ്റെയും നേതൃത്വത്തിൽ രണ്ട് സംസ്ഥാന ഘടകങ്ങളും ബിജെപി സർക്കാറിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. 26 സീറ്റിൽ 1 സീറ്റുമാത്രം ലഭിച്ച ഗുജറാത്തിലും ഇതുതന്നെയാണ് കഥ. കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് അമിത് ചാവ്ദയുടെ നേതൃത്വത്തിൽ തങ്ങൾ ജൻ മഞ്ച് പരിപാടി നടത്തിവരികയാണ്.
"മറ്റ് മുതിർന്ന സംസ്ഥാന നേതാക്കൾ അടുത്തിടെ വിവിധ പൊതുപ്രശ്‌നങ്ങളിൽ പ്രതിഷേധിച്ചിരുന്നു. വിവിധ ദുരന്തങ്ങളിലായി ഇരകളായവർക്ക് നീതി ലഭിക്കുന്നതിനായി മുഴുവൻ സംസ്ഥാന യൂണിറ്റും ഒരു യാത്ര നടത്തി" - ഗുജറാത്തിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി രാം കിഷൻ ഓജ ഇടിവി ഭാരതിനോട് പറഞ്ഞു.
തമിഴ്‌നാട്ടിൽ നിന്ന് ജാർഖണ്ഡിലേക്ക് മാറ്റിയ എഐസിസി ഭാരവാഹി സിരിവെല്ല പ്രസാദ് പറയുന്നതനുസരിച്ച്, യുവ നേതാക്കളെ ഉൾപ്പെടുത്തുന്നത് ഉദയ്‌പൂർ പ്രഖ്യാപനത്തോടുള്ള പാർട്ടിയുടെ പ്രതിബദ്ധത കാണിക്കുകയും സംഘടന കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്യും. "ഞാൻ ഉടൻ ജാർഖണ്ഡ് സന്ദർശിക്കും. സംഘടന കെട്ടിപ്പടുക്കുന്നതിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലുമാണ് ശ്രദ്ധ. ഇന്ത്യ ബ്ലോക്ക് അവിടെ നന്നായി പ്രവർത്തിക്കുന്നു, വരും ആഴ്‌ചകളിൽ ഞങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്"- പ്രസാദ് ഇടിവി ഭാരതിനോട് പറഞ്ഞു.