ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ പാര്‍ലമെന്‍റ് രേഖകളില്‍ നിന്ന് നീക്കം ചെയ്‌തു. ഹിന്ദുക്കളുടെ പേരില്‍ രാജ്യത്ത് അതിക്രമം നടക്കുന്നുവെന്ന പരാമര്‍ശമാണ് രേഖകളില്‍ നിന്ന് നീക്കം ചെയ്‌തത്. ആര്‍എസ്എസിനെതിരായ പരാമര്‍ശവും രേഖകളില്‍ ഇല്ല.രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലായിരുന്നു രാഹുലിന്‍റെ പരാമര്‍ശങ്ങള്‍.
പ്രതിപക്ഷ നേതാവ് എന്ന പദവിയിലുള്ള തന്‍റെ ആദ്യ ലോക്‌സഭ പ്രസംഗത്തില്‍ ഭരണപക്ഷത്തിനെതിരെ ശക്തമായ ഭാഷയില്‍ രാഹുല്‍ ആഞ്ഞടിച്ചിരുന്നു. തുടര്‍ന്ന് ഇത് സഭയെ ശബ്‌ദായമാനമാക്കി. ഭരണപക്ഷ നേതാക്കള്‍ രാജ്യത്തെ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്നുവെന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. ഇത് ഭരണപക്ഷത്ത് നിന്നുള്ള കടുത്ത വിമര്‍ശനത്തിന് കാരണമായി. ഹിന്ദു സമൂഹം മുഴുവന്‍ അക്രമികളാണെന്ന് രാഹുല്‍ പറഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും കുറ്റപ്പെടുത്തി. പിന്നീട് രാഹുലിന്‍റെ പരാമര്‍ശങ്ങള്‍ ലോക്‌സഭ രേഖകളില്‍ നിന്ന് നീക്കി.
മോദിക്ക് പുറമെ അഞ്ച് കാബിനറ്റ് മന്ത്രിമാരും രാഹുലിന്‍റെ പ്രസംഗത്തില്‍ ഇടപെട്ടു. എന്നാല്‍ ഒരു മണിക്കൂറും നാല്‍പ്പത് മിനിറ്റും രാഹുല്‍ സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് തന്‍റെ പ്രസംഗം തുടര്‍ന്നു. രാഹുല്‍ മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. അമ്മ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്കയും സന്ദര്‍ശക ഗാലറിയിലിരുന്ന് രാഹുലിന്‍റെ പ്രസംഗം ശ്രവിക്കുന്നുണ്ടായിരുന്നു.
ഒരു മതം മാത്രം ധൈര്യത്തെക്കുറിച്ച് പറയുകയല്ല. നമ്മുടെ എല്ലാ മതങ്ങളും ധൈര്യത്തെക്കുറിച്ച് പറയുന്നുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഭയമില്ലായ്‌മയെക്കുറിച്ച് പ്രവാചകന്‍ മുഹമ്മദ് നബി ഖുറാനില്‍ പറയുന്നുണ്ടെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഭഗവാന്‍ ശിവന്‍, ഗുരുനാനാക്ക്, യേശുക്രിസ്‌തു എന്നിവരുടെ ചിത്രങ്ങള്‍ എടുത്ത് കാട്ടി ഹിന്ദുത്വം, ഇസ്‌ലാം, സിഖുമതം, ക്രിസ്‌തുമതം, ബുദ്ധമതം, ജൈനമതം എന്നിവ നിര്‍ഭയതയുടെ പ്രാധാന്യം പഠിപ്പിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഭഗവാന്‍ ശിവനും ഗുരുനാനാക്കിന്‍റെ പാഠങ്ങളും, ക്രിസ്‌തുദേവൻ, ബുദ്ധൻ, മഹാവീരൻ തുടങ്ങിയ എല്ലാ മതത്തിലെയും മഹാന്‍മാരും ഭയപ്പെടരുതെന്നും ആരെയും ഭയപ്പെടുത്തരുതെന്നുമാണ് പഠിപ്പിച്ചത്. ശിവജിയും ഇത് തന്നെ പറഞ്ഞു. അഹിംസയും ഇതാണ് പഠിപ്പിച്ചത്. ഇതിനെതിരെ ഭരണപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ നിങ്ങള്‍ ഹിന്ദുവല്ലെന്നും രാഹുല്‍ ആരോപിച്ചു.
സത്യത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ അതില്‍ നിന്ന് പിന്നോട്ട് പോകുകയോ അതിനെ ഭയക്കുകയോ ചെയ്യില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഭഗവാന്‍ ശിവന്‍റെ ചിത്രം കാട്ടിയപ്പോള്‍ സഭയില്‍ പ്ലക്കാര്‍ഡുകള്‍ അനുവദനീയമല്ലെന്നായിരുന്നു സ്‌പീക്കര്‍ ഓം ബിര്‍ലയുടെ ഓര്‍മ്മപ്പെടുത്തല്‍.
ഇതൊരു ഗൗരവമുള്ള സംഗതിയാണെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാഹുലിന്‍റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചത്. മുഴുവന്‍ ഹിന്ദു സമൂഹത്തെയുമാണ് രാഹുല്‍ അക്രമികള്‍ എന്ന് വിളിച്ചതെന്നും മോദി കുറ്റപ്പെടുത്തി. അന്ന് കോണ്‍ഗ്രസ് പ്രത്യയശാസ്‌ത്രപരമായ ഭീകരതയാണ് രാജ്യത്ത് പടര്‍ത്തിയത്. പ്രതിപക്ഷ നേതാവ് ജനാധിപത്യവും ഭരണഘടനയും പഠിക്കണമെന്നും മോദി ഉപദേശിച്ചു.
കോണ്‍ഗ്രസ് നേതാവ് മാപ്പ് പറയണമെന്നായിരുന്നു അമിത് ഷായുടെ ആവശ്യം. ഹിന്ദുക്കളായിരിക്കുന്നതില്‍ അഭിമാനിക്കുന്ന കോടിക്കണക്കിനുള്ള ജനതയുടെ വികാരം വ്രണപ്പെടുത്തുകയാണ് രാഹുല്‍ ചെയ്‌തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥയും സിക്ക് വിരുദ്ധ കലാപവും നടത്തിയ കോണ്‍ഗ്രസിന് അഹിംസയെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബിജെപി ഭരണഘടനയെയും രാജ്യത്തിന്‍റെ അടിസ്ഥാന ആശയങ്ങളെയും വ്യവസ്ഥാപിതമായി ആക്രമിക്കുന്നുവെന്നായിരുന്നു രാഹുലിന്‍റെ മറ്റൊരു ആരോപണം. ഭരണകക്ഷി മുന്നോട്ട് വയ്ക്കുന്ന പല ആശയങ്ങളും ലക്ഷക്കണക്കിന് ജനങ്ങള്‍ തള്ളുകയാണ്. പ്രധാനമന്ത്രി മോദിയുടെയും അദ്ദേഹത്തിന്‍റെ സര്‍ക്കാരിന്‍റെയും ഉത്തരവുകള്‍ താന്‍ ചോദ്യം ചെയ്‌തിട്ടുണ്ട്. തനിക്കെതിരെ 20 ലേറെ കുറ്റങ്ങള്‍ ചുമത്തപ്പെട്ടു. രണ്ട് വര്‍ഷം തടവ് വിധിച്ചു. എന്‍റെ വീട് ഒഴിയാന്‍ നിര്‍ബന്ധിതനാക്കി. 55 മണിക്കൂര്‍ എന്‍ഫോഫ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് തന്നെ ചോദ്യം ചെയ്‌തെന്നും രാഹുല്‍ പറഞ്ഞു.
അഗ്നിപഥിനെയും രാഹുല്‍ വിമര്‍ശിച്ചു. സേവനത്തിനിടെ മരിച്ചാല്‍ അവര്‍ക്ക് രക്തസാക്ഷി പട്ടം പോലും ലഭിക്കില്ല. വീട്ടുകാര്‍ക്ക് നഷ്‌ടപരിഹാരവും എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇതില്‍ ഇടപെട്ടു. മണിപ്പൂരിലെ സ്ഥിതിഗതികളിലും രാഹുല്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളി വിടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങളിലും അദ്ദേഹം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. വിളകള്‍ക്ക് ചുരുങ്ങിയ താങ്ങുവില നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. കാര്‍ഷിക മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇതിനെതിരെ രംഗത്തെത്തി. സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. രാഹുലിന്‍റെ പ്രസംഗത്തിന്‍റെ വിവിധ പോയിന്‍റുകളില്‍ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും ഭൂപേന്ദേര്‍ യാദവും ഇടപെട്ടു. പിന്നീട് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്‌ണവും കിരണ്‍ റിജിജുവും ബിജെപി നേതാവ് സുധാംശു ത്രിവേദിയും രാഹുലിന്‍റെ ആരോപണങ്ങള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തി.
നീറ്റ് പരീക്ഷ സംബന്ധിച്ചും രാഹുല്‍ ആരോപണങ്ങളുയര്‍ത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ പരീക്ഷ സമ്പ്രദായങ്ങളില്‍ വിശ്വാസം നഷ്‌ടമായിരിക്കുന്നു. പണമുള്ളവര്‍ പരീക്ഷകളില്‍ ജയിക്കുന്നു. കഴിവിന് യാതൊരു സ്ഥാനവും ഇല്ലാതായിരിക്കുന്നു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്ലാ കക്ഷികളെയും ഒരു പോലെ പരിഗണിക്കുക എന്നതാണ് തന്‍റെ കടമയെന്നും രാഹുല്‍ പറഞ്ഞു.
അതുകൊണ്ടാണ് ഹേമന്ത് സോറനും അരവിന്ദ് കെജ്‌രിവാളും ജയിലിലേക്ക് പോകുമ്പോള്‍ തനിക്ക് ആശങ്കയുണ്ടാകുന്നത്. ഇവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ഉപയോഗിക്കുമ്പോള്‍ താന്‍ അതിനെ പ്രതിരോധിക്കും. നിങ്ങള്‍ ഭരണഘടന അനുസരിക്കുന്ന ആളാണെങ്കില്‍ വ്യക്തിപരമായ താത്‌പര്യങ്ങള്‍ പിന്നില്‍ വയ്ക്കാനും രാഹുല്‍ ഉപദേശിച്ചു.
ഭയവും വിദ്വേഷവും പ്രചരിപ്പിക്കരുതെന്നും രാഹുല്‍ ഭരണകക്ഷിയെ ഉപദേശിച്ചു. പ്രതിപക്ഷത്തെ ശത്രുവായി കാണരുത്. എന്തും ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയാറാണ്. രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷമായി നരേന്ദ്ര മോദി എല്ലാ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്ത് കൊണ്ട് ഭയത്തിന്‍റെ വാഴ്‌ച നടത്തുകയാണ് എന്ന് പിന്നീട് രാഹുല്‍ എക്‌സില്‍ കുറിച്ചു. ബിജെപി എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും ഭയം വളര്‍ത്തുന്നുവെന്നും രാഹുല്‍ ട്വീറ്റില്‍ ആരോപിച്ചു.
Also Read: നിങ്ങൾ ഒരു ഹിന്ദുവല്ല'; രാഹുൽ ഗാന്ധിയുടെ പരാമർശത്തെച്ചൊല്ലി സഭയിൽ ബഹളം