ആഗ്ര : ഉത്തർപ്രദേശിൽ പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ച തുടര്‍ക്കഥ. 12-ാം ക്ലാസ് മാത്തമാറ്റിക്‌സ്, ബയോളജി പരീക്ഷകളുടെ ചോദ്യ പേപ്പറുകളാണ് ചോർന്നത്. ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ ചോദ്യപേപ്പറുകള്‍ ഷെയർ ചെയ്യപ്പെട്ടതായി കണ്ടെത്തുകയായിരുന്നു (UP Question Paper Leake).
ആഗ്ര ജില്ല ഇൻസ്പെക്‌ടർ ഓഫ് സ്‌കൂൾ (DIOS) ദിനേശ് കുമാറിന്‍റെ പരാതിയിൽ ഫത്തേപ്പൂര്‍ സിക്രിയിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഫത്തേപ്പൂര്‍ സിക്രിയിലെ കിരാവോളി രാജൗലിയിലെ അടാർ സിങ് ഇന്‍റർ കോളജ് പ്രിൻസിപ്പൽ, ഇൻസ്‌റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന മകൻ തുടങ്ങിയവരുടെ പേരുകളാണ് പരാതിയിൽ ആരോപിക്കുന്നത്.
'ഓൾ പ്രിൻസിപ്പൽസ് ആഗ്ര' എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രിൻസിപ്പലിന്‍റെ മകൻ ചോദ്യപേപ്പറുകൾ പോസ്‌റ്റ് ചെയ്‌തതായാണ് ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായും തുടര്‍ നടപടികൾ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്‌റും പരീക്ഷ നിരീക്ഷകനുമായ ഡോ മുകേഷ് അഗർവാൾ അറിയിച്ചു.
ഈ കുറ്റകൃത്യം ചെയ്‌തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം യുപിയില്‍ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ചോദ്യ പേപ്പര്‍ ചോർച്ചയുണ്ടാവുന്നത്. പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് യുപി പൊലീസ് റിക്രൂട്ട്‌മെന്‍റ് പരീക്ഷ കഴിഞ്ഞ ആഴ്‌ച റദ്ദാക്കിയിരുന്നു.