ഹൈദരാബാദ് : 'പുഷ്‌പ 2' സിനിമയുടെ പ്രീമിയർ ഷോയ്‌ക്ക് മുന്നോടിയായി ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്‌ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ തിയേറ്റർ ഉടമയടക്കം മൂന്ന് പേർ അറസ്റ്റില്‍. ഹൈദരാബാദിലെ സന്ധ്യ തിയേറ്റർ ഉടമകളിലൊരാളായ എം സന്ദീപ് (37), സീനിയർ മാനേജർ എം നാഗരാജു (51), ലോവർ ബാൽക്കണി ഇൻചാർജ് ഗന്ധകം വിജയ് ചന്ദർ (53) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു.
ഡിസംബർ 4 നായിരുന്നു സംഭവം. തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന 35 കാരി കൊല്ലപ്പെടുകയായിരുന്നു. അവശനിലയിലായ യുവതിയെ ദുർഗാഭായ് ദേശ്‌മുഖ് ആശുപത്രിയിൽ എത്തിച്ചിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മകൻ ശ്രീതേജ് ചികിത്സയിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നടൻ അല്ലു അർജുൻ തിയേറ്റർ സന്ദർശിച്ചതിന് പിന്നാലെയാണ് സംഭവം. നടനെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശുകയുണ്ടായി.
105, 118 (1), ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ മറ്റ് പ്രസക്തമായ വകുപ്പുകളും ചേര്‍ത്താണ് ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ടു.
അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പുഷ്‌പ 2 സിനിമയുടെ നിര്‍മാതാക്കള്‍ രംഗത്തുവന്നിരുന്നു. 'ഇന്നലെ രാത്രി സ്‌ക്രീനിങ്ങിനിടെയുണ്ടായ ദാരുണമായ സംഭവം അങ്ങേയറ്റം ഹൃദയഭേദകമാണ്. ഞങ്ങളുടെ മനസും പ്രാർഥനകളും കുടുംബത്തിനും ചികിത്സയിൽ കഴിയുന്ന കൊച്ചുകുട്ടിക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് അവർക്ക് ഒപ്പം നിൽക്കാനും സാധ്യമായ എല്ലാ പിന്തുണ നൽകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അഗാധമായ ദുഃഖത്തോടെ' -മൈത്രി മൂവീസ് എക്‌സില്‍ കുറിച്ചു.
Also Read: ഹൃദയം തകർന്നു, ഒപ്പമുണ്ടാകും; രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകുമെന്ന് അല്ലു അർജുൻ