പുരി (ഒഡിഷ): തിരുപ്പതി ലഡ്ഡു ഉണ്ടാക്കാൻ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചെന്ന വിവാദം കത്തിപ്പടരുന്നതിനിടെ ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൂജയ്ക്കുപയോഗിക്കുന്ന നെയ്യിന്‍റെ ഗുണനിലവാരം പരിശോധിക്കാന്‍ നീക്കം. ജില്ല ഭരണകൂടമാണ് നെയ്യ് പരിശോധിക്കാൻ തീരുമാനമെടുത്തത്. ജഗന്നാഥ ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന നെയ്യിൻ്റെ നെയ്യിൽ മായം ചേർക്കുന്നത് സംബന്ധിച്ച് ആരോപണങ്ങളൊന്നുമില്ലെങ്കിലും, സംശയനിവാരണത്തിനായി ഗുണനിലവാരം പരിശോധിക്കാൻ ഭരണസമിതി ആഗ്രഹിക്കുന്നതായി പുരി കളക്‌ടർ സിദ്ധാർത്ഥ് ശങ്കർ സ്വെയിൻ പറഞ്ഞു.
ക്ഷേത്രത്തിലെ മഹാപ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യ് സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള ഒഡീഷ സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ (ഓംഫെഡ്) എന്ന കമ്പനിയാണ് വിതരണം ചെയ്യുന്നത്. എന്നാൽ ക്ഷേത്രത്തിലേക്ക് നെയ്യ് എത്തുന്നത് സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് ആശങ്ക ഉയര്‍ന്നതിനെ തുടർന്നാണ് നെയ്യ് പരിശോധിക്കാന്‍ ഭരണസമിതി തീരുമാനിച്ചത്. 'ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന നെയ്യിന് മാനദണ്ഡം നിശ്ചയിക്കുന്നതിന് സംസ്ഥാനത്തിൻ്റെ അപെക്‌സ് മിൽക്ക് ഫെഡറേഷനായ ഓംഫെഡുമായും ചർച്ച ചെയ്യും' എന്ന് കളക്‌ടർ പറഞ്ഞു.
ക്ഷേത്രത്തിൽ പ്രധാന പ്രസാദങ്ങളായ കോത ഫോഗിലും, വരദി ഫോഗിലും നെയ്യ് ഉപയോഗിക്കാറുണ്ടെന്നും കളക്‌ടർ പറഞ്ഞു. ഇതുകൂടാതെ ക്ഷേത്രത്തിൽ വെളിച്ചത്തിനായി തെളിയിക്കുന്ന ചെരാതുകളിലും ഓംഫെഡ് വിതരണം ചെയ്യുന്ന നെയ്യാണ് ഉപയോഗിക്കുന്നത്. ക്ഷേത്രത്തിൽ ഉയരുന്ന പുക മായം കലർന്നതല്ലെന്ന് ഉറപ്പാക്കാൻ കർശന ജാഗ്രത തുടരും.
ഇതുവരെ മായം കലർന്നതോ ഗുണനിലവാരം കുറഞ്ഞതോ ആയ ഒരു സാധനവും ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ശ്രീകോവിലിലെ അടുക്കളയിൽ (തിടപ്പിള്ളി) ഉപയോഗിക്കുന്ന നെയ്യും മറ്റ് അസംലസ്‌കൃത വസ്‌ക്കളും പരിശോധിക്കാൻ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയന്ത്രണ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്‌ടർ സിദ്ധാർത്ഥ് ശങ്കർ സ്വെയിൻ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തിരുപ്പതി ലഡ്ഡു വിവാദം: മുൻ വൈഎസ്ആർസിപി സർക്കാരിന്‍റെ കാലത്ത് തിരുപ്പതി ലഡ്ഡു ഉണ്ടാക്കാൻ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചെന്ന ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണമാണ് വിവാദങ്ങൾക്കാധാരം. എൻഡിഎ നിയമസഭ കക്ഷി യോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയായിരുന്നു നായിഡുവിന്‍റെ ആരോപണം.
'ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലെ വൈഎസ്‌ആർ കോൺഗ്രസിന്‍റെ ഭരണസമയത്ത് തിരുമല ലഡ്ഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചത്. അവർ നെയ്യ് ഉപയോഗിക്കുന്നതിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്' -എന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഇപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും ക്ഷേത്രത്തിൽ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ഇത് ലഡ്ഡുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പിന്നീട് തിരുപ്പതി ലഡ്ഡു വിവാദം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.