ചണ്ഡീഗഡ് : പഞ്ചാബിൽ വ്യാജമദ്യ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഉയർന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം വിഷം കലർന്ന മദ്യം കുടിച്ച് ഇതുവരെ മരണപ്പെട്ടത് 20 പേരാണ്. ജില്ലയിലെ ഗുജ്‌റാൻ, ഉപാലി, ദണ്ഡോലി, സംഗ്രൂർ ഗ്രാമങ്ങളിൽ 11 പേരുടെ മരണം ആദ്യം റിപ്പോർട്ട് ചെയ്‌തിരുന്നു.
പിന്നീട് മാർച്ച് 22 ന് സുനാമിൽ 5 പേരും തുടർന്ന് 4 പേരും കൂടി മരണപ്പെട്ടു. ഇതോടെ സുനാമിലെ മാത്രം ആകെ മരണം 9 ആയി.
കൂടുതൽ അറസ്റ്റുകൾ: പഞ്ചാബിലെ സംഗ്രൂരിൽ അനധികൃത മദ്യം വിറ്റതിന് നാല് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവർക്ക് പുറമെ നാലുപേർ കൂടി പിടിയിലായതായി പൊലീസ് അറിയിച്ചു. മുഖ്യപ്രതി ഗുർലാൽ സിങ്ങും ഇയാളുടെ മൂന്ന് കൂട്ടാളികളുമാണ് സംഗ്രൂർ പൊലീസിൻ്റെ കസ്റ്റഡിയിലുള്ളത്.
പിടിയിലായവരിൽ ഒരു സ്‌ത്രീയുമുണ്ടെന്ന് സംഗ്രൂർ എസ്എസ്‌പി സർതാജ് സിങ് ചാഹൽ പറഞ്ഞു. ചൗവാസ് ജാഖേപാലിലെ ബബ്ബി എന്ന പ്രദീപ് സിങ്, സോമ, സഞ്ജു, റോഗ്ല ഗ്രാമത്തിലെ അർഷ് എന്ന അർഷ്‌ദീപ് സിങ് എന്നിവരാണ് പിടിയിലായത്.
അതേസമയം ഈ സംഭവത്തിന് പിന്നിലെ 'അവിശുദ്ധ കൂട്ടുകെട്ട്' തുറന്നുകാട്ടുന്നതിന് ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. ക്രമസമാധാന എഡിജിപി ഗുരിന്ദർ ധില്ലൻ ഐപിഎസിൻ്റെ നേതൃത്വത്തിൽ ഡിഐജി പട്യാല റേഞ്ച് ഹർചരൺ ഭുള്ളർ ഐപിഎസ്, എസ്എസ്‌പി സംഗ്രൂർ സർതാജ് ചാഹൽ ഐപിഎസ്, അഡിഷനൽ കമ്മിഷണർ (എക്‌സൈസ്) നരേഷ് ദുബെ എന്നിവരടങ്ങുന്ന നാലംഗ പ്രത്യേക അന്വേഷണ സംഘം ആണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക.
കേസിൽ ഉൾപ്പെട്ടിരിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാവരോടും അഭ്യർഥിക്കുകയാണെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു. സ്ഥിരീകരിക്കാത്ത കിംവദന്തികളിൽ ജനങ്ങൾ വീഴരുതെന്നും പൊലീസ് വ്യക്തമാക്കി.
മുൻപും അനേകം മരണങ്ങൾ: പഞ്ചാബിൽ വ്യാജ മദ്യം കഴിച്ച് നേരത്തെയും നിരവധി മരണങ്ങൾ ഉണ്ടായതായാണ് കണക്കുകൾ. വിഷം കലന്ന മദ്യം കുടിച്ച് നൂറിലധികം പേർ സംസ്ഥാനത്ത് മരണപ്പെട്ടിരുന്നു. ക്യാപ്റ്റൻ അമരീന്ദർ സിങ് സർക്കാരിൻ്റെ കാലത്തെ താന്‍ തരൺ (Tarn Taran) കേസ് ആയിരുന്നു അക്കൂട്ടത്തിൽ ഏറ്റവും വലുത്. ഈ സംഭവം പഞ്ചാബ് രാഷ്‌ട്രീയത്തിൽ വൻ കോളിളക്കം സൃഷ്‌ടിച്ചു.
കൂടാതെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് അമൃത്‌സറിലെ തർസിക്ക പൊലീസ് സ്‌റ്റേഷന് പരിധിയിലുള്ള മുച്ചൽ ഗ്രാമത്തിൽ വിഷ മദ്യം കഴിച്ച് 11 പേർ മരണപ്പെട്ടിരുന്നു. സംഭവത്തിൽ ഒരു സ്‌ത്രീയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ALSO READ: പഞ്ചാബ് മദ്യദുരന്തം: മരണം 8 ആയി, 12 പേർ ചികിത്സയിൽ; 4 പേരെ അറസ്‌റ്റ് ചെയ്‌ത് പൊലീസ്