ചണ്ഡീഗഢ് (പഞ്ചാബ്): അന്താരാഷ്‌ട്ര ഓൺലൈൻ തൊഴിൽ തട്ടിപ്പ് റാക്കറ്റിനെ പഞ്ചാബ് പൊലീസ് പിടികൂടി. പഞ്ചാബ് പൊലീസിന്‍റെ സൈബർ ക്രൈം ഡിവിഷനാണ് സൈബർ കുറ്റവാളികളെ അറസ്റ്റ് ചെയ്‌തത്. കേസുമായി ബന്ധപ്പെട്ട് അസമിലെ വിവിധ ജില്ലകളില്‍ നിന്നും നാല് പേരെ പിടികൂടിയതായി പഞ്ചാബ് ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് ഗൗരവ് യാദവ് അറിയിച്ചു.
ജാഹിറുൾ ഇസ്ലാം, റഫിയുവൽ ഇസ്ലാം, മെഹബൂബ് ആലം, അസീസുർ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നത്. ടെലഗ്രാം മൊബൈല്‍ ആപ്പിന്‍റെ ഗ്രൂപ്പുകളിലൂടെ വര്‍ക്ക് ഫ്രം ഹോം ജോലികള്‍ വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്.
തട്ടിപ്പിനിരയാകുന്നവര്‍ക്ക് പ്രതികള്‍ തുടക്കത്തില്‍ ചെറിയ തുക കൈമാറും. പിന്നീട്, വലിയ തുക ലഭിക്കാനായി വിവിധ കാരണങ്ങളാൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും പഞ്ചാബ് ഡിജിപി വ്യക്തമാക്കി.
രണ്ട് സ്വൈപ്പ് മെഷീനുകൾ, രണ്ട് ബയോമെട്രിക് സ്‌കാനറുകൾ, ഒരു ഐ സ്‌കാനർ, ഒരു ഫിംഗർപ്രിന്‍റ് സ്‌കാനർ, 38 പാൻ കാർഡുകൾ, 32 ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, 16 സിം കാർഡുകൾ, 10 വോട്ടർ കാർഡുകൾ, ഒമ്പത് ആധാർ കാർഡുകൾ, 10 ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകൾ/ചെക്ക്ബുക്കുകൾ, അഞ്ച് സർക്കാർ ഔദ്യോഗിക സ്റ്റാമ്പുകൾ, അഞ്ച് മൊബൈൽ ഫോണുകൾ, ഒരു ലാപ്‌ടോപ്പ്, രണ്ട് പെൻഡ്രൈവുകൾ, ഒരു എസ്ബിഐ ഐഡി കാർഡ് എന്നിവയും പ്രതികളില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
23 സംസ്ഥാനങ്ങളിൽ നിന്നായി ഇതുവരെ 160 പേര്‍ ഇരയാക്കപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ഇരകളെ തിരിച്ചറിയാൻ അന്വേഷണം നടന്നു കൊണ്ടിരിരക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 120-ബി വകുപ്പുകൾ പ്രകാരം പ്രതികള്‍ക്കെതിരെ എസ്എഎസ് നഗറിലെ സ്റ്റേറ്റ് സൈബർ ക്രൈമിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
അതേസമയം റഷ്യയിൽ ജോലിക്കായി പോയ നാലോളം ഇന്ത്യക്കാരെ നിർബന്ധിത സൈനിക സേവനത്തിന് നിയോഗിച്ചതായി കുടുംബാംഗങ്ങളുടെ പരാതി. മൂന്ന് കർണാടക സ്വദേശികളും ഒരു ഉത്തർപ്രദേശ് സ്വദേശിയും റഷ്യൻ സൈന്യത്തിൽ ചേർന്നതായാണ് വിവരം. ഇവരെ ജോലിക്കായി കൊണ്ടുപോയി ഏജന്‍റുമാർ കബളിപ്പിച്ച് സൈന്യത്തിൽ ചേർത്തതാണെന്ന് ഇന്ത്യയിലുള്ള കുടുംബാംഗങ്ങൾ ആരോപിച്ചു. കുടുംബാംഗങ്ങൾ വിവരം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകി. പ്രതിസന്ധിയിലായ യുവാക്കളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് ബന്ധുക്കൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.