പൂനെ (മഹാരാഷ്‌ട്ര) : പൂനെയിലെ കല്യാണി നഗറില്‍ മദ്യപിച്ച 17-കാരന്‍ അമിത വേഗതയില്‍ ഓടിച്ച പോര്‍ഷെ കാര്‍ ഇടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മറ്റൊരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു. കുറ്റം ഏറ്റെടുക്കാന്‍ പ്രായപൂർത്തിയാകാത്ത പ്രതിയുടെ മുത്തച്‌ഛന്‍ ഭീഷണിപ്പെടുത്തിയതായി ഇവരുടെ കുടുംബത്തിലെ ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി തടവിൽ വച്ചുവെന്നും ഡ്രൈവർ ഗംഗാധർ പൂജാരി യെരവാഡ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 365, 368 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അപകടസമയത്ത് പോർഷെ കാറിൽ ആകെ 4 പേരാണുണ്ടായിരുന്നതെന്നാണ് വിവരം. കാറിന്‍റെ ഡ്രൈവറും ഒപ്പമുണ്ടായിരുന്നു.
കാര്‍ ഓടിച്ചിരുന്ന ആളെ മാറ്റാന്‍ ശ്രമം നടന്നതായി നേരത്തെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞിരുന്നു. അപകടത്തിന് ശേഷം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവും മുത്തച്‌ഛനും കാർ ഡ്രൈവറായ ഗംഗാധറിനോട് താനാണ് കാർ ഓടിച്ചിരുന്നതെന്ന് പറയാൻ സമ്മർദ്ദം ചെലുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
അപകടത്തിന് ശേഷം അഗർവാൾ കുടുംബം തന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുകയും ഫോൺ പിടിച്ച് വാങ്ങുകയും ചെയ്‌തു. അവിടെ ഒരു മുറിയിൽ പൂട്ടിയിട്ട് വാഹനം ഓടിച്ചത് താനാണെന്ന് പറയാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്‌തതായി ഗംഗാദർ പറഞ്ഞു. മാത്രമല്ല കുറ്റം ഏറ്റെടുക്കുകയാണെങ്കിൽ വിട്ടയക്കാമെന്ന് ഇയാൾ ഉറപ്പ് നൽകിയതായും ഡ്രൈവര്‍ വ്യക്തമാക്കി.
പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് ഡ്രൈവർ ഗംഗാധര്‍ ഇക്കാര്യം പുറത്ത് പറയുന്നത്. പിന്നീട് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 17-കാരന്‍റെ മുത്തച്ഛനെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അതേസമയം, പ്രായപൂർത്തിയാകാത്ത പ്രതിയുടെ പിതാവിനെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.
കല്യാണി നഗർ പോർഷെ കാർ അപകടക്കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയതിന് 420, 201 വകുപ്പ് പ്രകാരമാണ് കേസ്. കാറോടിച്ച 17 വയസുകാരനെ ജുവനൈൽ ജസ്‌റ്റിസ് ബോർഡ് ജാമ്യത്തിൽ വിട്ടയച്ചത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇത് വിവാദത്തിലായതോടെ സെഷൻസ് കോടതിയി 17 കാരന്‍റെ ജാമ്യം റദ്ദാക്കി.
ALSO READ : പൂനെ പോര്‍ഷെ കാര്‍ അപകടം; മദ്യലഹരിയില്‍ കാറോടിച്ച 17കാരന്‍റെ അച്ഛനെയും മുത്തച്ഛനെയും ചോദ്യം ചെയ്‌തു