കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്‌ത പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയൊരുക്കി പൊലീസ്. കണ്ടെയ്‌നറുകള്‍, ജലപീരങ്കികൾ, കലാപ നിയന്ത്രണ സേന എന്നിവയാണ് പ്രതിഷേധം നിയന്ത്രിക്കുന്നതിനായി പൊലീസ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധക്കാര്‍ അകത്ത് കടക്കാതിരിക്കാന്‍ നബണ്ണയിലെ ചെക്ക് ഗേറ്റുകളില്‍ പൊലീസ് ഗ്രീസ് ഒഴിച്ചു.
കൊല്‍ക്കത്തയിലെ ട്രെയിനി ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടാണ് ഇന്ന് (ഓഗസ്റ്റ് 27) മാര്‍ച്ച് നടത്താന്‍ ബംഗാള്‍ ഛത്ര സമാജം ആഹ്വാനം ചെയ്‌തിരിക്കുന്നത്. എന്നാല്‍ 'നബന്ന അഭിജൻ' എന്ന പേരിൽ റാലി നടത്താനുള്ള 'പശ്ചിമ ബംഗാള്‍ ഛത്രോ സമാജിൻ്റെ' അപേക്ഷ നിരസിച്ചതായി കൊൽക്കത്ത അഡിഷണൽ പൊലീസ് കമ്മിഷണർ സുപ്രതിം സർക്കാർ പറഞ്ഞു. സംഘം ഔപചാരികമായ അനുമതി തേടാത്തതിനാലും മാര്‍ച്ചിനെ കുറിച്ച് മതിയായ വിശദാംശങ്ങൾ നൽകാത്തതിനാലുമാണ് അപേക്ഷ നിരസിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർഥികളെ തടയാൻ അധികാരം ഉപയോഗിക്കരുതെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് സർക്കാരിനോട് അഭ്യർഥിച്ചു. ഭൂരിപക്ഷത്തെ നിശബ്‌ദമാക്കാൻ ജനാധിപത്യത്തിന് കഴിയില്ലെന്ന സുപ്രീം കോടതി വിധി അദ്ദേഹം സർക്കാരിനെ ഓര്‍മിപ്പിക്കുകയും ചെയ്‌തു. വീഡിയോ സന്ദേശത്തിലൂടെയാണ് ആനന്ദ ബോസ് ഇക്കാര്യം പറഞ്ഞത്.
ഡോക്‌ടറുടെ കൊലപാതകം രാജ്യവ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുളള സ്ഥിതിഗതികള്‍ വിലയിരുത്തി ഓരോ രണ്ട് മണിക്കൂറിലും വിവരം നല്‍കാന്‍ എല്ലാ സംസ്ഥാന പൊലീസ് മേധാവികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിരുന്നു.
ഓഗസ്റ്റ് 9നാണ് വനിത ഡോക്‌ടര്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പിജി ട്രെയിനി ഡോക്‌ടറാണ് മരിച്ചത്. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടര്‍ന്നത്.