ന്യൂഡൽഹി : ഡൽഹി മെട്രോ സ്റ്റേഷനുകളുടെ തൂണുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ. കരോൾ ബാഗ്, ഝന്ദേവാലൻ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലാണ് മുദ്രാവാക്യം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സിഖ് വിഘടനവാദി സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്‍റെ (എസ്എഫ്‌ജെ) പിന്തുണക്കാരാണ് മുദ്രാവാക്യങ്ങൾ എഴുതിയതെന്നാണ് റിപ്പോർട്ട്. രണ്ട് മെട്രോ സ്റ്റേഷനുകളിലെയും സിസിടിവി ദൃശ്യങ്ങൾ ഡൽഹി മെട്രോ അധികൃതരിൽ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്.
'ഞാൻ രാവിലെ 8 മണിക്ക് ഡ്യൂട്ടിക്ക് എത്തിയപ്പോൾ മെട്രോ സ്റ്റേഷന്‍റെ തൂണുകളിൽ കറുപ്പ് നിറത്തിൽ എന്തോ എഴുതിയിരിക്കുന്നത് കണ്ടു. വലിയ ജനക്കൂട്ടം അവിടെ തടിച്ചുകൂടി മുദ്രാവാക്യങ്ങൾ വായിക്കുകയായിരുന്നു'-കരോൾ ബാഗ് മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ഗാർഡ് ബജ്‌രംഗി വാര്‍ത്ത ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു. രാത്രിയിലാകാം മുദ്രാവാക്യങ്ങൾ എഴുതിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ തിലക് നഗർ പ്രദേശത്തെ ചുവരുകളിൽ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകൾ എഴുതിയതിന് ഈ വർഷം ജനുവരിയിൽ ഒരാളെ ഡൽഹി പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡൽഹിയിലെ അഞ്ചിലധികം മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകളും മുദ്രാവാക്യങ്ങളും എഴുതിയതിന് പഞ്ചാബിൽ നിന്നുള്ള രണ്ടുപേരെ ഡൽഹി പൊലീസിന്‍റെ സ്പെഷ്യൽ സെൽ കസ്റ്റഡിയിലെടുത്തിരുന്നു.
മതം, ജാതി, ഭാഷ, ജന്മസ്ഥലം എന്നിവയുടെ പേരില്‍ ജനങ്ങൾക്കിടയിൽ ശത്രുത വളർത്തുകയോ ക്രമസമാധാനം തകര്‍ക്കുകയോ ചെയ്യുന്നതുമായ പ്രസ്‌താവനകൾ, പ്രസംഗങ്ങൾ പ്രവൃത്തികൾ എന്നിവ കുറ്റകരമാക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ (IPC) സെക്ഷൻ 153A, സായുധ സേനയിലെ അംഗങ്ങളെയോ പൊലീസ് ഉദ്യോഗസ്ഥനെയോ അവരുടെ കടമ നിർവഹിക്കുന്നതിന് തടസം നില്‍ക്കുകയോ, ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഒരു വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നതോ പൊതു സമാധാനം തകർക്കുന്നതോ ആയ പ്രസ്‌താവനകൾ, റിപ്പോർട്ടുകൾ അല്ലെങ്കിൽ കിംവദന്തികൾ എന്നിവ കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ 505-ാം വകുപ്പ് എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Also Read : യുഎസിലെ ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്