മിര്‍സാപൂര്‍ : തന്‍റെ അക്കൗണ്ടിലേക്ക് അബദ്ധത്തിലെത്തിയ ഒരു കോടിയിലേറെ രൂപ ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായി ഒരു പൂജാരി. ചൊവ്വാഴ്‌ച വൈകിട്ടാണ് ശ്രീ മാ വിന്ധ്യാവാസിനി സേവ സമിതി സന്‍സ്‌തയുടെ അക്കൗണ്ടിലേക്ക്, മണി ക്യാപിറ്റല്‍ ലിമിറ്റഡ് കമ്പനിയുടെ ഉമേഷ് ശുക്ല അബദ്ധത്തില്‍ പണം അയച്ചത്.
എന്നാല്‍ 24 മണിക്കൂറിനകം തന്നെ പണം തിരികെ നല്‍കി പൂജാരി മൊഹിത് മിശ്ര മാതൃകയായി. ചൊവ്വാഴ്‌ച വൈകിട്ട് തന്‍റെ ഫോണിലേക്ക് വന്ന ഒരു സന്ദേശത്തില്‍ നിന്നാണ് തന്‍റെ അക്കൗണ്ടിലേക്ക് 1,48,50,047 രൂപ വന്നതായി മനസിലാക്കിയത്. ഇത്രയും വലിയ തുക തനിക്ക് ആരാണ് അയച്ചതെന്ന് അമ്പരന്നു.
പെട്ടെന്നാണ് ഉമേഷ് ശുക്ല എന്ന ഭക്തന്‍ വിളിച്ച് അബദ്ധത്തില്‍ പണം അയച്ചതായി വ്യക്തമാക്കിയത്. അപ്പോഴേക്കും പക്ഷേ ബാങ്ക് സമയം കഴിഞ്ഞിരുന്നു. ഉടന്‍ തന്നെ പണം തിരികെ തരാമെന്ന് അദ്ദേഹത്തിന് താന്‍ ഉറപ്പ് നല്‍കിയെന്നും മിശ്ര വ്യക്തമാക്കി.
പിറ്റേദിവസം രാവിലെ തന്നെ സമീപത്തെ എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖയിലെത്തി ശുക്ലയുടെ പണം ചെക്ക് മുഖേന തിരികെ നല്‍കി. ശ്രീ മാ വിന്ധ്യവാസിനി സേവ സമിതി എന്ന സംഘടന ജാഗ്രനും ഭണ്ഡാരയും വിന്ധ്യാചല്‍ ധാമില്‍ പൂജകളും മറ്റും സംഘടിപ്പിക്കാറുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുമുള്ള സഞ്ചാരികള്‍ സംഘടനയ്ക്ക് വന്‍ തുക കാണിക്ക അര്‍പ്പിക്കാറുമുണ്ട്.
ചൊവ്വാഴ്‌ച ശുക്ലയും 1100 രൂപ സംഭാവന നല്‍കി. എന്നാല്‍ രണ്ടാമത് നടത്തിയ ഇടപാട് അബദ്ധത്തില്‍ മിശ്രയുടെ അക്കൗണ്ടിലേക്ക് പണം കൈമാറുകയായിരുന്നു. ഏതായാലും മിശ്രയുടെ സത്യസന്ധതയെ പ്രശംസിച്ച് നാട്ടുകാര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
Also Read: സേവിംഗ്‌സ് അക്കൗണ്ടിൽ എത്ര തുക നിക്ഷേപിക്കാം; ഡെപ്പോസിറ്റ് പരിധി അറിയാം