ധർമ്മശാല (ഹിമാചല്‍ പ്രദേശ്) : നാലാം വ്യാവസായിക വിപ്ലവത്തിൽ സംഭവിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി മുന്നേറാൻ യുവാക്കളെ പ്രാപ്‌തമാക്കുന്നതിന് അവർക്കിടയിൽ ജിജ്ഞാസ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത അടിവരയിട്ട് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഹിമാചൽ പ്രദേശിലെ സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ ഏഴാമത് കോൺവൊക്കേഷനിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
യുവാക്കൾക്ക് വളർച്ചയ്‌ക്കുള്ള അപാരമായ സാധ്യതകളുണ്ടെന്നും വികസിത ഇന്ത്യയുടെ ദൃഢനിശ്ചയം നിറവേറ്റുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ണികളാണെന്നും കൂട്ടിചേര്‍ത്തു. 'ഇന്ന് നമ്മൾ നാലാം വ്യാവസായിക വിപ്ലവത്തിലാണ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ പുതിയ മേഖലകൾ അതിവേഗം ഉയർന്നുവരുന്നതിനാൽ 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജമാക്കാൻ അവരില്‍ ജിജ്ഞാസ ശക്തിപ്പെടുത്തേണ്ടതുണ്ട്.
മാറ്റത്തിന്‍റെ വേഗതയും വ്യാപ്‌തിയും വളരെ ഉയർന്നതാണ്, തൽഫലമായി, സാങ്കേതികവിദ്യയും ആവശ്യമായ കഴിവുകളും വളരെ വേഗത്തിൽ മാറുകയാണെന്ന് മുർമു പറഞ്ഞു. വിദ്യാർഥികളെ സ്വയംപര്യാപ്‌തരാക്കുകയും അവരുടെ സ്വഭാവവും വ്യക്തിത്വവും കെട്ടിപ്പടുക്കുകയും ചെയ്യുന്ന തരത്തിലായിരിക്കണം വിദ്യാഭ്യാസം.
വിദ്യാർഥികളിൽ അവരുടെ സംസ്‌കാരം, പാരമ്പര്യം, നാഗരികത എന്നിവയെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുക കൂടിയാണ് വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെന്നും ഇക്കാര്യത്തിൽ അധ്യാപകരുടെ പങ്ക് വളരെ പ്രധാനമാണെന്നും അവർ പറഞ്ഞു. അധ്യാപകരുടെ പ്രവർത്തന വ്യാപ്‌തി അധ്യാപനത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യത്തിന്‍റെ ഭാവി കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തം അവർക്കുണ്ടെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.
ധർമ്മശാലയ്ക്ക് സമീപമുള്ള ചാമുണ്ഡ ദേവി ക്ഷേത്രത്തിൽ മുർമു ദർശനം നടത്തി. മെയ് 4 മുതൽ 8 വരെ അഞ്ച് ദിവസത്തെ ഹിമാചൽ പ്രദേശ് സന്ദർശനത്തിലാണ് രാഷ്‌ട്രപതി. ഷിംലയിൽ നിന്ന് 14 കിലോമീറ്റർ അകലെ മഷോബ്രയ്ക്ക് സമീപമുള്ള രാഷ്‌ട്രപതി നിവാസിലാണ് മുര്‍മു താമസിക്കുന്നത്.
ചൊവ്വാഴ്‌ച, സങ്കട് മോചൻ, താരാദേവി ക്ഷേത്രങ്ങളിൽ സന്ദര്‍ശനം നടത്തും. ഗെയ്റ്റി തിയേറ്ററിൽ സാംസ്‌കാരിക സായാഹ്നം ആസ്വദിക്കും. രാജ്ഭവനിലെ അത്താഴത്തിലും പങ്കെടുക്കും.
ALSO READ: ദ്രൗപദി മുര്‍മു അയോധ്യയില്‍; രാംലല്ലയെ കണ്ടുതൊഴുതു, സരയൂ തീരത്തെ ആരതിയിലും പങ്കെടുത്തു