അമൃത്‌സര്‍ : സുവര്‍ണ ക്ഷേത്രത്തിലേക്കുള്ള പൈതൃക വീഥിയില്‍ പ്രീവെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ നിരോധിച്ച് അധികൃതര്‍. പ്രദേശത്തെ ആത്മീയ അന്തരീക്ഷം നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു(Pre-Wedding Shoot).
അമൃത്‌സറിലെ സുവര്‍ണക്ഷേത്രത്തിലേക്കുള്ള (സച്ച്കാന്ത് ശ്രീ ദര്‍ബാര്‍ സാഹിബിലേക്കുള്ള) വീഥി പ്രീവെഡ്ഡിങ് ഷൂട്ടുകാരും റീല്‍സ് ചിത്രീകരണക്കാരും കയ്യടക്കിയതോടെയാണ് അധികൃതര്‍ നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ശിരോമണി കമ്മിറ്റിയാണ് ഷൂട്ടിംഗുകാര്‍ക്കെതിരെ രംഗത്തെത്തിയത്. സാഹിബിലേക്ക് എത്തുന്ന ഭക്തര്‍ ഷൂട്ടിങ്ങുകാരെക്കുറിച്ച് പരാതി പറഞ്ഞ് തുടങ്ങിയപ്പോഴാണ് ശിരോമണി കമ്മിറ്റി ഇടപെട്ടത്. അമൃത്‌സര്‍ പൊലീസ് കമ്മീഷണറാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്(Golden temple Amritsar).
വിവാഹത്തിലേക്ക് കടക്കാനൊരുങ്ങുന്ന നിരവധി പേരാണ് ഇവിടെ ഷൂട്ടിങ്ങിനായി എത്തുന്നത്. ഇവിടെ നിന്നുള്ള മിക്ക ദമ്പതിമാരുടെയും ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഷൂട്ടിങ്ങിനായി ഇവര്‍ പോസ്റ്ററുകളും മറ്റും പതിപ്പിച്ച് ഇവിടം വൃത്തികേടാക്കുന്നതായും പരാതിയുണ്ട്. ഇവിടെ സ്ഥാപിക്കുന്ന പോസ്റ്ററുകളും കട്ടൗട്ടുകളും മറ്റും പിന്നീട് പൊലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് മാറ്റാറുള്ളത്. എന്നാല്‍ തിരക്കില്ലാത്ത പുലര്‍ച്ചെ സമയങ്ങളിലും മറ്റുമാണ് തങ്ങള്‍ ഇവിടെ വന്ന് ദൃശ്യങ്ങളെടുക്കാറുള്ളതെന്ന് ചില ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു(Gurudwara Prabandhak Committee).
2016ല്‍ പ്രകാശ് സിങ് ബാദല്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഈ വീഥിയെ പൈതൃക വീഥിയാക്കി മാറ്റിയത്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച ടൗണ്‍ ഹാള്‍ മുതല്‍ സുവര്‍ണ ക്ഷേത്രം വരെ നീളുന്ന പാതയാണിത്. ഇതോടനുബന്ധിച്ചുള്ള കെട്ടിടങ്ങളും പുനര്‍നിര്‍മ്മിച്ച് വീഥി അതിമനോഹരമാക്കിയിരുന്നു. ഇതിന് സമീപമാണ് ജാലിയാന്‍ വാലാബാഗും സ്ഥിതി ചെയ്യുന്നത്.
ഷൂട്ടിങ്ങിനെത്തുന്ന സമയത്ത് ദമ്പതിമാരുടെ അമിത വികാരപ്രകടനങ്ങളും മറ്റും ഭക്തര്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്നായിരുന്നു പരാതി. ഇത് പ്രദേശത്തെ ആത്മീയ അന്തരീക്ഷത്തെ കളങ്കപ്പെടുത്തുന്നുവെന്നും ഭക്തര്‍ ആരോപിക്കുന്നു. ദര്‍ശനത്തിനെത്തുന്നവര്‍ പലപ്പോഴും സൂക്തങ്ങളും മന്ത്രങ്ങളും ജപിച്ച് കൊണ്ടാകുമെത്തുക. എന്നാല്‍ ഇത്തരം ദൃശ്യങ്ങളും മറ്റും ഇവരുടെ ഏകാഗ്രതയെ തകര്‍ക്കുന്നു. ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ഇവരുടെ പരാതികള്‍ ഏറ്റെടുക്കുകയും പൊലീസിലും സര്‍ക്കാരിലും അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് നടപടി.
Also Read: സേവ് ദ ഡേറ്റിൽ തിളങ്ങി കെഎസ്ആർടിസി ഡബിൾ ഡെക്കർ
പലപ്പോഴും തങ്ങള്‍ ഇത്തരത്തിലുണ്ടാകുന്ന ജനക്കൂട്ടത്തെ ഇവിടെ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു എന്നാണ് പൊലീസിന്‍റെ വിശദീകരണം. ഈ വിവാദത്തിന് മുമ്പ് 2020ല്‍ ഈ വീഥിയിലെ നര്‍ത്തക ശില്‍പ്പങ്ങളെക്കുറിച്ചും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. നാടോടി നൃത്തരൂപങ്ങളാണ് വീഥിയില്‍ സ്ഥാപിച്ചിരുന്നത്. ഈ ശില്‍പ്പങ്ങള്‍ ഇവിടെ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം യുവാക്കള്‍ ഇവ തകര്‍ത്തിരുന്നു.