ലഖ്‌നൗ : എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്‌ക്കായി അമേഠിയില്‍ പോസ്റ്ററുകൾ. ഗൗരിഗഞ്ച് ഏരിയയിലെ പാർട്ടി ഓഫീസിന് പുറത്താണ് വാദ്രയ്‌ക്കുവേണ്ടിയുള്ള പോസ്റ്ററുകൾ കാണപ്പെട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍, കോൺഗ്രസ് ഇതുവരെ അമേഠിയിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ റോബർട്ട് വാദ്രയ്ക്കുവേണ്ടിയുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
വാദ്ര ഇവിടെ സ്ഥാനാര്‍ഥിയായെത്തിയേക്കുമെന്ന് സൂചനകളുണ്ട്. ഇക്കാര്യത്തില്‍ താത്പര്യമറിയിച്ച് അദ്ദേഹം നേരത്തെ രംഗത്തെത്തുകയും ചെയ്‌തിരുന്നു. താൻ പാർലമെന്‍റ് അംഗമാകാൻ വിചാരിച്ചാൽ അമേഠിയിലെ ജനങ്ങൾ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റോബർട്ട് വാദ്ര സ്ഥാനാർഥിത്വം സംബന്ധിച്ച ഊഹാപോഹങ്ങളില്‍ പ്രതികരണം നടത്തുകയായിരുന്നു.
'ഗാന്ധി കുടുംബത്തിലെ ഒരു അംഗം മടങ്ങിവരണമെന്ന് അവർ ആഗ്രഹിക്കുന്നു, അവർ അദ്ദേഹത്തെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും, രാഷ്‌ട്രീയത്തിൽ എന്‍റെ ആദ്യ ചുവടുവയ്‌പ്പ് നടത്തുകയും ഒരു എംപിയാകാൻ ആലോചിക്കുകയും ചെയ്‌താൽ, ഞാൻ അമേഠിയെ പ്രതിനിധീകരിക്കണമെന്ന് അവർ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
അമേഠിയിൽ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ സ്‌മൃതി ഇറാനി രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്‍റെ സഹോദരീഭര്‍ത്താവിനെയും പരിഹസിച്ചതിന് തൊട്ടുപിന്നാലെയാണ് റോബർട്ട് വാദ്രയ്‌ക്കായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
'രാഹുൽ ഗാന്ധിയുടെ അളിയന് ജഗദീഷ്‌പൂര്‍ അറിയാം, അതുകൊണ്ട് ജനങ്ങൾ സൂക്ഷിക്കണം. ഓരോ ഗ്രാമവും, ഓരോ വീടും, ഓരോ വ്യക്തിയും ഇപ്പോൾ അവരുടെ സ്വത്ത് രേഖകൾ മറയ്‌ക്കേണ്ടതുണ്ട്' - സ്‌മൃതി ഇറാനി പറഞ്ഞു.
താൻ അമേഠിയിൽ മത്സരിക്കുമെന്നോ പ്രിയങ്ക റായ്ബറേലിയിൽ മത്സരിക്കുമെന്നോ പറയുന്നില്ലെന്നും കോൺഗ്രസ് പാർട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും വാദ്ര പറഞ്ഞിരുന്നു. രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിച്ചെങ്കിലും ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് പാർട്ടിക്ക് തോന്നുന്ന പക്ഷം തെരഞ്ഞെടുപ്പ് രംഗത്ത് പ്രവേശിക്കുന്നത് താൻ തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ മെയ് 20 ന് അമേഠി ലോക്‌സഭാമണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. രാജ്യത്തെ 543 ലോക്‌സഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏകദേശം 97 കോടി വോട്ടർമാർ 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹരാണ്. വോട്ടെണ്ണൽ ജൂൺ 4നാണ്. പാർലമെൻ്റിൻ്റെ അധോസഭയിലേക്ക് ഏറ്റവും കൂടുതൽ അംഗങ്ങളെ അയയ്‌ക്കുന്ന ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്ത് ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും.
ALSO READ: അമേഠി ലോക്‌സഭ സീറ്റില്‍ മത്സരിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ച് റോബര്‍ട്ട് വാദ്ര