ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മിഷന്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചതോടെ ഇനി രാഷ്‌ട്രീയ പാര്‍ട്ടികളുടെ പോരാട്ടത്തിന് വീര്യം കൂടും. പാര്‍ട്ടികള്‍ എതിരാളികളെ പരാജയപ്പെടുത്തി അധികാരത്തിലേറാനായി മെനഞ്ഞ തന്ത്രങ്ങള്‍ ഓരോന്നായി പയറ്റി തുടങ്ങും. നരേന്ദ്ര മോദി മുതല്‍ അസദുദ്ദീന്‍ ഒവൈസി വരെയുള്ള നേതാക്കള്‍ കച്ചമുറുക്കി കളത്തിലേക്കിറങ്ങുമ്പോള്‍ ആരായിരിക്കും അധികാരത്തിലേറുകയെന്നത് കാത്തിരുന്ന് കാണാം.
പോരാട്ടത്തിനിറങ്ങുന്ന 10 പ്രമുഖ നേതാക്കള്‍
മോദിയുടേത് തുടരാനുള്ള പോരാട്ടം : കഴിഞ്ഞ രണ്ടുതവണയും അധികാരത്തിലേറിയ നരേന്ദ്ര മോദി, ബിജെപി വിജയം ആവര്‍ത്തിക്കാന്‍ വിവിധ സംസ്ഥാനങ്ങളിലൂടെ പ്രചാരണപര്യടനം തുടരുകയാണ്. കേരളം ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ റോഡ് ഷോ അടക്കമുള്ള പരിപാടികളിലായി അദ്ദേഹം കുറേ നാളുകളായി തിരക്കിലാണ്. ജനങ്ങള്‍ക്ക് നിരവധി വാഗ്‌ദാനങ്ങളാണ് അദ്ദേഹം നല്‍കിവരുന്നത്. 'വികസിത് ഭാരത്', 'മോദി കി ഗ്യാരന്‍റി' എന്നിവയെല്ലാം ഇതിന്‍റെ ഭാഗമാണ്. രണ്ടുതവണ അധികാര കസേരയിലേക്ക് ആനയിച്ച വോട്ടര്‍മാര്‍ ഇത്തവണയും ആ സീറ്റിലേക്ക് കൈപിടിക്കുമെന്ന വിശ്വാസത്തിലാണ് 73 കാരനായ നേതാവ്.
കരുനീക്കങ്ങളുടെ രാജാവായ ഷാ : മോദിയെ പോലെ തന്നെ വീണ്ടും അധികാര കസേര സ്വപ്‌നം കണ്ടാണ് കേന്ദ്ര അഭ്യന്തര മന്ത്രി കൂടിയായ അമിത് ഷായുടെ നീക്കങ്ങള്‍. ബിജെപിയുടെ ചാണക്യന്‍ എന്നാണ് 59കാരനായ ഷാ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ രാഷ്‌ട്രീയ കരുനീക്കങ്ങളുടെ തലച്ചോറാണ് അമിത് ഷാ. കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും സിഎഎ നിയമം കൊണ്ടുവന്നതും ഷാ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ്. സര്‍ക്കാരിനെ പല പ്രതിസന്ധി ഘട്ടങ്ങളിലും താങ്ങിയതും ഷായാണെന്ന് പറയാം. രാഷ്‌ട്രീയത്തില്‍ തന്ത്രപരമായ നീക്കങ്ങളുമായി മുന്നോട്ടുനീങ്ങുന്ന നേതാവ് ഇത്തവണയും പാര്‍ട്ടിയുടെയും തന്‍റെയും വിജയത്തിനായുള്ള കടുത്ത പോരാട്ടത്തിലാണ്.
ചരിത്രം മാറ്റി കുറിക്കാന്‍ രാഹുല്‍ : 10 വര്‍ഷമായി ഇന്ത്യയില്‍ ഭരണം തുടരുന്ന ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള കഠിന പ്രയത്നത്തിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയുടെ ഇമേജ് മാറ്റിമറിച്ചിട്ടുണ്ട്. എന്നാല്‍ വിവിധ നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോല്‍വി കോണ്‍ഗ്രസിന് പ്രഹരമേല്‍പ്പിച്ചിരുന്നു. തോല്‍വി വിജയത്തിലേക്കുള്ള ചുവടുവയ്‌പ്പാണെന്ന ചിന്തയില്‍ രാഹുല്‍ ജോഡോ ന്യായ് യാത്രയുമായി സജീവമാണ്. സ്ഥാനമാനങ്ങളല്ല മറിച്ച് ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കലാണ് പ്രധാനമെന്നാണ് രാഹുലിന്‍റെ വാദം. വിവിധയിടങ്ങളില്‍ ജോഡോ യാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നിരുന്നു. ജോഡോ എത്തിയ ഇടങ്ങളിലെല്ലാം ജനങ്ങളെ അഭിസംബോധന ചെയ്‌ത രാഹുല്‍ ഗാന്ധി അധികാരത്തിലേറിയാല്‍ നിരവധി കാര്യങ്ങളില്‍ മാറ്റം വരുത്തുമെന്നും ഉറപ്പുനല്‍കി.
ബിജെപിക്കെതിരെ പോരാട്ടം കടുപ്പിച്ച് ഖാര്‍ഗെ : 2022 ഒക്‌ടോബറില്‍ സോണിയ ഗാന്ധിയില്‍ നിന്നും കോണ്‍ഗ്രസിന്‍റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന്‍റെ ഉത്തരവാദപ്പെട്ട സ്ഥാനം ഏറ്റെടുക്കുകയും അതോടൊപ്പം ബിജെപിക്കെതിരെ കനത്ത പോരാട്ടം നടത്തുകയും ചെയ്‌തുവരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് വിജയത്തിലേറാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം തന്ത്രങ്ങള്‍ മെനയുന്ന പ്രധാന നേതാക്കളിലൊരാളുമാണ്.
ഒറ്റക്കെന്നുറച്ച് മമതയും സംഘവും : ഇന്ത്യാസഖ്യത്തിനൊപ്പം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തീരുമാനമെടുത്ത പാര്‍ട്ടിയാണ് പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇന്ത്യാസഖ്യം വിട്ട് തനിയെ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു മമതയും സംഘവും. അതോടൊപ്പം തന്നെ ബിജെപിയുമായി മല്ല യുദ്ധവും തുടരുകയാണ്. 'ഏക് ല ചലോ' എന്നാണ് മമത പറയുന്നത്. എന്നാല്‍ അതോടൊപ്പം ബിജെപിയോടുള്ള തങ്ങളുടെ എതിര്‍പ്പിലും അവര്‍ ഉറച്ചുനില്‍ക്കുന്നു. അതേസമയം അടുത്തിടെ വീടിനുള്ളില്‍ വീണ് പരിക്കേറ്റ് ആശുപത്രി വാസവും വേണ്ടിവന്നു. ആരോഗ്യ നില മെച്ചപ്പെട്ടാല്‍ അവര്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തുമെന്നാണ് അണികളുടെ പ്രതീക്ഷ.
കാലുമാറിയ നിതീഷ് കുമാര്‍ : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കവേ ബിഹാര്‍ വലിയ രാഷ്‌ട്രീയ കോളിളക്കത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യാസഖ്യത്തിലെ പ്രധാന കക്ഷികളിലൊന്നായ ജെഡിയുവിന്‍റെ നേതാവ് നിതീഷ് കുമാറിന്‍റെ എന്‍ഡിഎയിലേക്കുള്ള കാലുമാറ്റം പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയേല്‍പ്പിച്ചു. ഒരുപക്ഷേ ബിഹാറിലെ ജെഡിയുവിന്‍റെ പരാജയ ഭയമായിരിക്കാം നിതീഷ് കുമാറിനെ കളം മാറാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ബിജെപി ഉന്നത സ്ഥാനങ്ങളടക്കം നിരവധി ഓഫറുകള്‍ അദ്ദേഹത്തിന് നല്‍കിയെന്നും അതാണ് കൂറുമാറ്റത്തിന് കാരണമെന്നുമാണ് സംസാരം. ഇന്ത്യാസഖ്യത്തിന് വലിയ വെല്ലുവിളിയായെന്ന് വാര്‍ത്തകള്‍ പടരുമ്പോഴും രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ സംബന്ധിച്ച് ഈ കളംമാറ്റം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. കാരണം പലതവണ നിതീഷ് ഇത് നടത്തിയിട്ടുള്ളതാണ്. എന്തായാലും ബിഹാറിലെ പോരാട്ടം ഇക്കുറി ഏറെ നിര്‍ണായകമാണ്. ജനങ്ങള്‍ ജെഡിയുവിനെയും എന്‍ഡിഎയെയും തുണയ്‌ക്കുമോ അതോ തള്ളുമോയെന്ന് കാത്തിരുന്ന് കാണാം.
കഠിന പോരാട്ടത്തിനൊരുങ്ങി ശരദ് പവാര്‍ : തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പോരാട്ടം കടുപ്പിച്ചിരിക്കുകയാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് ശരദ് പവാര്‍ വിഭാഗം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം അണിനിരന്ന് ബിജെപിക്കെതിരെ പൊരുതുകയാണ് ശരദ് പവാറിന്‍റെ സംഘം. മഹാരാഷ്ട്രയില്‍ മികച്ച വിജയത്തിനായുള്ള കഠിന പ്രയത്നത്തിലാണ് അദ്ദേഹം. അനന്തരവന്‍ അജിത് പവാറില്‍ നിന്നും ഏറ്റ നോവാകാം പോരാട്ടത്തിന് ശരദ് പവാറിന്‍റെ ഊര്‍ജം. മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സൂത്രധാരനാണ് ശരദ് പവാര്‍. ബിജെപിക്കെതിരെ പൊരുതുന്നതിനൊപ്പം മഹാ വികാസ് അഘാഡിയെ ശക്തിപ്പെടുത്താനും കഴിയുന്ന നേതാവാണ് പവാര്‍.
സനാതന ധര്‍മ്മ വിവാദം കുഴപ്പിക്കുമോ സ്റ്റാലിനെ : തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് നേരത്തേ തുടക്കം കുറിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍. സംസ്ഥാനത്തെ ബിജെപി മുന്നേറ്റങ്ങളെയെല്ലാം മുളയിലേ നുള്ളുന്ന രീതിയാണ് ഡിഎംകെയുടേത്. ഇന്ത്യാസഖ്യത്തിലെ പ്രധാന കക്ഷി കൂടിയാണ് ഡിഎംകെ. കേരളത്തോടൊപ്പം ബിജെപിക്കെതിരെ നിലകൊള്ളുന്ന ദക്ഷിണേന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നുകൂടിയാണ് തമിഴ്‌നാട്. ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമായി പുരോഗമിക്കുന്നുണ്ടെങ്കിലും സനാതന ധര്‍മ്മ വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
എന്‍ഡിഎയുടെ കണക്കുകള്‍ പാളുമോ തേജസ്വിക്ക് മുന്നില്‍ : ബിഹാറില്‍ നിതീഷ് കുമാറിന്‍റെ കൂറുമാറ്റം ഇന്ത്യാബ്ലോക്കില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിന് കൂടുതല്‍ പ്രധാന്യം ലഭിക്കാനിടയായി. ബിഹാറില്‍ ലാലു പ്രസാദിന്‍റെ ശക്തനായ പിന്‍മുറക്കാരനായാണ് തേജസ്വി യാദവിനെ പലരും കാണുന്നത്. കുടുംബ രാഷ്‌ട്രീയത്തെ എപ്പോഴും വിമര്‍ശിക്കുന്ന ബിജെപി കോണ്‍ഗ്രസിന് പുറമെ ആര്‍ജെഡിയെ കൂടിയാണ് വിമര്‍ശിക്കുന്നത്. വിജയം പ്രതീക്ഷിച്ച് എന്‍ഡിഎയില്‍ ചേക്കേറിയ നിതീഷിനെയാണോ അതോ ആര്‍ജെഡിയെ മുന്നില്‍ നിന്നും നയിക്കുന്ന തേജസ്വി യാദവിനെയാണോ ഇക്കുറി ജനങ്ങള്‍ പിന്താങ്ങുകയെന്നത് കാത്തിരുന്ന് കാണണം. ഒരുപക്ഷേ ഇന്ത്യാസഖ്യം എന്‍ഡിഎയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചേക്കാം.
ബിജെപിയുടെ ബി ടീമെന്ന ആരോപണം നേരിടുന്ന ഒവൈസി : തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്‍റെ പാര്‍ട്ടിയെ വിജയിപ്പിക്കാനുള്ള കഠിന പ്രയത്നത്തിലാണ് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. അതേസമയം വിവിധ പാര്‍ട്ടികള്‍, ബിജെപിയുടെ ബി ടീമാണ് ഒവൈസിയെന്ന് ആരോപിക്കുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളുടെയോ ബിജെപിയുടെയോ കണക്കുകൂട്ടലുകൾ അദ്ദേഹം തകിടം മറിക്കുമോ എന്നത് കാത്തിരുന്ന് കാണാം.