പറ്റ്‌ന : ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ നേര്‍ചിത്രമാണ് രാജിവച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2005 മുതൽ 18 വർഷമായി ബിഹാറിലെ മുഖ്യമന്ത്രിയാണ് നിതീഷ്. മന്ത്രിസഭയിൽ അഴിമതി കുറവായതിനാൽ തന്നെ കഴിവുറ്റ ഭരണാധികാരിയായാണ് നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്. എന്നാൽ പൽതുറാം, പാൽതു ചാച്ച എന്നിങ്ങനെയുള്ള വിളിപ്പേരുകൾ കൂടിയുണ്ട് നിതീഷിന്. തരം പോലെ നിറം മാറുന്നയാൾ എന്നാണ് ഇതിനർത്ഥം.
പാൽതു ചാച്ച എന്ന വിളിപ്പേരിനെ അന്വർത്ഥമാക്കുന്ന നീക്കമാണ് നിതീഷ് ഇന്ന് നടത്തിയത്. 'ഇന്ത്യ' പ്രതിപക്ഷ സഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ചുകൊണ്ടാണ് നിതീഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഇത് മുഖ്യമന്ത്രിക്കസേരയിൽ തന്നെ തുടരാനും ബിജെപിക്ക് ഭരണത്തുടർച്ചയുണ്ടായാൽ ജെഡിയുവിന് കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പാക്കാനുമുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
മുഖ്യമന്ത്രിക്കസേരയിൽ താനല്ലാതെ മറ്റാരും ഇരിക്കരുതെന്ന നിർബന്ധബുദ്ധി മൂലമാകണം, നിതീഷ് പലപ്പോഴായി പലർക്കും കൈകൊടുത്ത് പലപല രാഷ്ട്രീയ സഖ്യങ്ങളുടെ ഭാഗമായത്. നീതീഷ് കുമാർ നേരത്തെ എൻഡിഎയുടെ ഭാഗമായിരുന്നു. ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ 2014 മെയില്‍ നിതീഷ് രാജിവയ്ക്കുന്നു. പിന്നീട് കോൺഗ്രസിന് കൈകൊടുത്ത നിതീഷ് 2015 ൽ മഹാഗഡ്ബന്ധൻ സഖ്യം രൂപീകരിച്ച് വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി. രാഷ്ട്രീയ എതിരാളിയായിരുന്ന ലാലു പ്രസാദ് യാദവിന്‍റെ ആർജെഡിയും അന്ന് ഗഡ്ബന്ധനില്‍ നിതീഷിനൊപ്പം ചേർന്നു.
2017ൽ മഹാഗഡ്ബന്ധൻ പിളർന്നപ്പോൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ലാലുവിനെയും കോൺഗ്രസിനെയും വിട്ട് നിതീഷ് വീണ്ടും എൻഡിഎ മുന്നണിയിൽ ചേർന്നു. 2017ൽ ബിജെപിയുടെ പിന്തുണയിൽ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. 2020 ൽ നടന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി ബിജെപി വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നൽകി.
2022 ഓഗസ്‌റ്റ് ഒമ്പതിന് സഖ്യകക്ഷിയായ ബിജെപി തങ്ങളുടെ പാർട്ടിയായ ജെഡിയുവിനെ പിളർത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രി പദം രാജിവച്ച് എൻഡിഎ വിട്ട നിതീഷ് കുമാർ കോൺഗ്രസിന്‍റെയും ആർജെഡിയുടെയും പിന്തുണയിലാണ് ഇതുവരെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. ഇതിനിടെ തന്നെ ബിജെപിക്ക് എതിരെ വിശാല സഖ്യമെന്ന നിലയിൽ ഇന്ത്യ മുന്നണി രൂപീകരിക്കാനും നിതീഷ് മുൻകൈയെടുത്തു. ഇന്ത്യ സഖ്യത്തിന് ആദ്യ ഘട്ടം മുതല്‍ നേതൃത്വം നല്‍കിയത് നിതീഷ് കുമാറായിരുന്നു.
എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യ സഖ്യത്തിൽ തീരുമാനങ്ങളൊന്നും ആകാത്തതിൽ നിതീഷ് കുമാർ അസ്വസ്ഥനായിരുന്നു. ഇതിനിടെ തന്നെ പല നേതാക്കളും പിന്തുടരുന്ന കുടുംബവാഴ്‌ചക്കെതിരെ പ്രതികരിച്ച നിതീഷ്‍ കുമാർ ഇന്ത്യ സഖ്യത്തിൽ സീറ്റ് പങ്കുവയ്ക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നീണ്ടുപോകുന്നതിൽ പല തവണ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ നിതീഷ് വീണ്ടും മലക്കം മറിഞ്ഞ് ബിജെപി പാളയത്തിലെത്തുന്നത്. കൈവിട്ട് വീണ്ടും താമരത്തണലിൽ എത്തുന്നതോടെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അവസരമാണ് നിതീഷിന് കൈവരുന്നത്.