ഹാസൻ (കർണാടക) : ഗാർഹിക പീഡന കേസ് രജിസ്‌റ്റർ ചെയ്യാൻ എത്തിയ ഭാര്യയെ കുത്തിക്കൊന്ന് പൊലീസ് കോൺസ്‌റ്റബിൾ. മംമ്‌ത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം. ഗാർഹിക പീഡന പരാതി രജിസ്‌റ്റർ ചെയ്യാൻ ഇന്ന് പുലർച്ചെ എസ്‌പി ഓഫിസ് വളപ്പിൽ എത്തിയ മംമ്‌തയെ ഭർത്താവ് ലോക്‌നാഥ് കുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
കുത്തേറ്റ ശേഷം ഗുരുതരമായി പരിക്കേറ്റ് നിലത്ത് വീണുകിടന്ന മംമ്‌തയെ മറ്റ് പൊലീസ് ഉദ്യോഗസ്ഥർ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്. നാലോ അഞ്ചോ ദിവസം മുമ്പ് ദമ്പതികൾ വഴക്കിട്ടിരുന്നു. അന്നുമുതൽ ഇരുവരും തമ്മില്‍ വഴക്കുകൾ പതിവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിച്ച മംമ്‌ത എസ്‌പി ഓഫിസിൽ പരാതി നൽകാൻ എത്തിയിരുന്നു. ഭാര്യയോട് ദേഷ്യപ്പെട്ട ലോക്‌നാഥ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു' -ഉദ്യോഗസ്ഥൻ പറഞ്ഞു. മംമ്തയുടെ മൃതദേഹം പോസ്‌റ്റ് മോർട്ടത്തിനായി മാറ്റി. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.