ന്യൂഡല്‍ഹി : കര്‍ഷക മാര്‍ച്ചിനുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്. പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ വച്ചാണ് കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ഏതാനും കര്‍ഷകരെ ഇവിടെ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് രാവിലെ ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് ആരംഭിച്ചതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. പ്രതിഷേധക്കാരോട് ബാരിക്കേഡുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസിന്‍റെ നിര്‍ദേശം നിരസിച്ച് ചിലര്‍ സ്ഥലത്ത് തുടരുകയും ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറുകയുമായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഇരുമ്പ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമം നടത്തിയതോടെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചതെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം.
താങ്ങുവില, വിള ഇൻഷുറന്‍സ് തുടങ്ങിയവ ലഭ്യമാക്കുക, ലഖിംപൂര്‍ കേസിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുക, കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന കേസുകള്‍ റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സംഘടനകള്‍ സംയുക്തമായി രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്. ഇരുന്നൂറോളം സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. കിസാന്‍ മോര്‍ച്ചയുടെ രാഷ്‌ട്രീയേതര വിഭാഗവും കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ചയുമാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രായമായവരും സ്‌ത്രീകളും ഉള്‍പ്പടെ നിരവധി പേരാണ് കേന്ദ്ര സര്‍ക്കാരിനെതിരായ രണ്ടാം കര്‍ഷക സമരത്തിലും പങ്കെടുക്കുന്നത്. പ്രതിഷേധിച്ചെത്തുന്നവരെ തടയാന്‍ ശക്തമായ സുരക്ഷയാണ് ഹരിയാനയുടെ വിവിധ അതിര്‍ത്തികളില്‍ തയ്യാറാക്കിയിരുന്നത്. അംബാല, ജിന്ദ്, ഫത്തേഹാബാദ്, കുരുക്ഷേത്ര, സിർസ എന്നിവിടങ്ങളിൽ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ പൊലീസ് സ്ഥാപിച്ചിരുന്നു. പല സ്ഥലങ്ങളിലും ജലപീരങ്കികളും വിന്യസിച്ചിട്ടുണ്ട്. പൊലീസ് ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.
Also Read : കര്‍ഷക മാര്‍ച്ച് : പ്രതിഷേധക്കാരെ തടയാന്‍ വന്‍ സുരക്ഷയൊരുക്കി പൊലീസ്