ബെംഗളൂരു: പോക്‌സോ കേസിൽ വാദം കേൾക്കാൻ കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്‌ക്ക് സിഐഡി ഉദ്യോഗസ്ഥർ നോട്ടിസ് നൽകി. സിഐഡി ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഇന്ന് (ബുധനാഴ്‌ച) ഹിയറിങ്ങിൽ ഹാജരാകാൻ നിർദേശിച്ച് തിങ്കളാഴ്‌ച വൈകിട്ടായിരുന്നു യെദ്യൂരപ്പയ്‌ക്ക് നോട്ടിസ് നൽകിയത്. നിലവിൽ ഡൽഹിയിലായതിനാൽ ജൂൺ 17ന് ഹിയറിങ്ങിൽ ഹാജരാകുമെന്ന് അഭിഭാഷകൻ മുഖേന ബി എസ് യെദ്യൂരപ്പ മറുപടി നൽകിയതായാണ് വിവരം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യെദ്യൂരപ്പ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. ഫെബ്രുവരിയിൽ പീഡനത്തിനിരയായെന്ന് കാണിച്ച് മാർച്ച് 14നാണ് പെൺകുട്ടിയുടെ അമ്മ ബെംഗളൂരുവിലെ സദാശിവനഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. പിന്നാലെ പോക്‌സോ നിയമപ്രകാരം യെദ്യൂരപ്പയ്‌ക്കെതിരെ സദാശിവനഗർ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തു. പിന്നീട് ഈ കേസിൻ്റെ അന്വേഷണം സിഐഡിക്ക് കൈമാറി. അതേസമയം പരാതി നൽകിയ യുവതി അടുത്തിടെ അസുഖത്തെ തുടർന്ന് മരണപ്പെട്ടു.
ഹൈക്കോടതിയെ സമീപിച്ച് ബി എസ് യെദ്യൂരപ്പ: അതിനിടെ, തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ് യെദ്യൂരപ്പ ഹൈക്കോടതിയിൽ അപേക്ഷ നൽകി. തനിക്കെതിരായ കേസ് അടിസ്ഥാനരഹിതമാണെന്നും താൻ നിയമവിരുദ്ധമായ ഒരു പ്രവൃത്തിയും ചെയ്‌തിട്ടില്ലെന്നും യെദ്യൂരപ്പ ഹർജിയിൽ പറയുന്നു.
നേതാക്കൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് പരാതിക്കാരിയായ സ്‌ത്രീയുടെ ഹോബിയായിരുന്നു. കേസ് രജിസ്‌റ്റർ ചെയ്‌തതിന് ശേഷം ഏപ്രിൽ 12ന് താൻ പൊലീസ് ഹിയറിങ്ങിൽ പങ്കെടുത്തിരുന്നു. എന്നാല്‍ മൊഴി രേഖപ്പെടുത്താതെ ശബ്‌ദ സാമ്പിൾ മാത്രമാണ് പൊലീസ് ശേഖരിച്ചതെന്നും യെദ്യൂരപ്പ പറഞ്ഞു. പരാതിയിൽ ക്രിമിനൽ ഘടകമില്ലാത്തതിനാൽ കേസ് റദ്ദ് ചെയ്യണമെന്നും യെദ്യൂരപ്പ ഹർജിയിൽ ആവശ്യപ്പെട്ടു.
ALSO READ: പാമ്പിനെ കൊന്ന് കറിവച്ച് കഴിച്ചു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തു, യുവാവ് അറസ്‌റ്റിൽ