ഗുജറാത്ത് : രാജ്യത്തെ കര്‍ഷകരുടെ ക്ഷേമം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമെമ്പാടുമായി 60,000 ത്തിലധികം അമൃത് സരോവറുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്‍റെ സുവർണ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
അമൃത് സരോവര്‍ എന്ന സംരംഭം കർഷകർക്ക് മാത്രമായിട്ടുള്ളതല്ല. മറിച്ച് ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും. ജനങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയും അതിനെ കുറിച്ചുള്ള അറിവും നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുക, മൃഗ സംരക്ഷണത്തിന്‍റെ വ്യാപ്‌തി വര്‍ധിപ്പിക്കുക, മൃഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, അവയ്‌ക്ക് സംരക്ഷണമൊരുക്കുക, ഗ്രാമത്തിൽ മത്സ്യകൃഷി, തേനീച്ച വളർത്തൽ എന്നിവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയുന്ന വിത്തുകളാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ക്ഷീര, മത്സ്യ കര്‍ഷകര്‍ക്ക് ആദ്യമായി തങ്ങള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ട്.
ഇന്ന് ലോകത്തെ ഏറ്റവും വലിയ പാല്‍ ഉത്‌പാദന രാജ്യമായി ഇന്ത്യ മാറി. എട്ട് കോടി ജനങ്ങള്‍ ഇന്ത്യയില്‍ ക്ഷീര മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. ക്ഷീര മേഖലയ്ക്ക് 10 ലക്ഷം കോടി രൂപയുടെ വിറ്റുവരവുണ്ട്. രാജ്യത്ത് അഭിവൃദ്ധി പ്രാപിക്കുന്ന ക്ഷീര മേഖലയ്ക്ക് പിന്നിലെ ചാലകശക്തി 'നാരീശക്തി'യാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയെ വികസിത രാജ്യമാക്കാന്‍ ഓരോ സ്‌ത്രീയുടെയും സാമ്പത്തിക ശക്തി വര്‍ധിപ്പിച്ചാല്‍ മതി. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മുദ്ര യോജന പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നവരില്‍ 70 ശതമാനം സ്‌ത്രീകളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 10 വര്‍ഷത്തിനിടെ 10 കോടിയില്‍ അധികം സ്‌ത്രീകളാണ് വനിത സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
ജിസിഎംഎംഎഫിന് കീഴിലുള്ള ഇന്ത്യൻ മൾട്ടിനാഷണൽ കോഓപ്പറേറ്റീവ് സൊസൈറ്റിയായ അമുലിന്‍റെ വളർച്ചയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത് ഇന്ത്യയിലെ ക്ഷീര കര്‍ഷകരുടെ ശക്തിയുടെ പ്രതീകമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് നിരവധി ബ്രാൻഡുകൾ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അമുലിനെ പോലെ മറ്റൊന്നും ഉണ്ടായില്ല.
അമുൽ എന്നാൽ വിശ്വാസം, അമുൽ എന്നാൽ വികസനം, അമുൽ എന്നാൽ പൊതുജന പങ്കാളിത്തം, അമുൽ എന്നാൽ കർഷകരുടെ ശാക്തീകരണം, അമുൽ എന്നാൽ ആധുനികതയുടെ സമന്വയം, സ്വാശ്രയ ഇന്ത്യയുടെ പ്രചോദനം, അമുൽ എന്നാൽ വലിയ സ്വപ്‌നങ്ങളാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യയിലെ പാൽ ഉത്‌പാദനം ഏകദേശം 60 ശതമാനം വർധിച്ചിട്ടുണ്ടെന്ന് 'ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്' എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.