മേദക് (തെലങ്കാന): 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ബിജെപി ഭരണഘടനയും സംവരണവും ഇല്ലാതാക്കമെന്ന പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്‍റെ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. മതാടിസ്ഥാനത്തില്‍ മുസ്‌ലിങ്ങള്‍ക്ക് സംവരണം അനുവദിക്കില്ലെന്ന് മോദി വ്യക്തമാക്കി. അതേസമയം പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ സംവരണം നിര്‍ത്തലാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്‍റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ രാജ്യത്ത് എത്രമാത്രം പുരോഗതി ഉണ്ടായെന്ന് ജനങ്ങള്‍ കണ്ട് കൊണ്ടിരിക്കുകയാണെന്നും തെലങ്കാനയിലെ മേദക്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി ചൂണ്ടിക്കാട്ടി. ലോകത്ത് മറ്റെല്ലാ രാജ്യങ്ങളും വികസനത്തിലേക്ക് കുതിക്കുമ്പോള്‍ കോണ്‍ഗ്രസ് ഇന്ത്യയെ അഴിമതിയുടെ ചെളിക്കുണ്ടായി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് എപ്പോഴൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ പഞ്ചസൂത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു അവരുടെ ഭരണമെന്നും മേദക്ക് ജില്ലയിലെ അല്ലാദുര്‍ഗത്തിൽ കൂറ്റന്‍ പൊതുജനറാലിയെ അഭിസംബോധന ചെയ്യവേ മോദി ചൂണ്ടിക്കാട്ടി. അഴിമതി, നുണകള്‍, വോട്ട് ബാങ്ക് രാഷ്‌ട്രീയം, മാഫിയ, കുടുംബ രാഷ്‌ട്രീയം എന്നിവയാണ് കോണ്‍ഗ്രസിന്‍റെ പഞ്ചസൂത്രങ്ങളെന്നും മോദി ആരോപിച്ചു. രാജ്യത്ത് പഴയ കാലം തിരികെ കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. ഇവരുടെ മായയില്‍ വീഴരുതെന്നും മോദി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പഞ്ചസൂത്ര ഭരണം യാതൊരു ഗുണവും ഉണ്ടാക്കില്ല.
തെലങ്കാന കോണ്‍ഗ്രസ് നേതാക്കള്‍ വ്യാജ വീഡിയോ നിര്‍മ്മിച്ചതായും അദ്ദേഹം പറഞ്ഞു. വ്യാജ വീഡിയോ നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകും. കോണ്‍ഗ്രസിന് ഇക്കുറി പ്രതിപക്ഷ പദവി പോലും ലഭിക്കില്ല. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റാകും ഇത്തവണ അവര്‍ക്ക് ലഭിക്കുക എന്നും മോദി പറഞ്ഞു.
തെലങ്കാനയില്‍ ഇരട്ട നികുതി ഈടാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് എന്നിട്ട് ഡല്‍ഹിയിലേക്ക് അയച്ച് കൊടുക്കുകയാണ്. ഇരട്ട നികുതി ഉടന്‍ നിര്‍ത്തലാക്കണമെന്നും മോദി മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് അബദ്ധത്തിലെങ്ങാനും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ നമ്മുടെ പണമെല്ലാം മോഷ്‌ടിക്കും. രാജ്യത്തിന്‍റെ പകുതിയിലേറെ സമ്പത്തും അവര്‍ കൊള്ളയടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അടുത്ത കാലം വരെ ബിആര്‍എസാണ് തെലങ്കാനയെ കൊള്ളയടിച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസ് കൊള്ളയടിക്കാന്‍ തുടങ്ങിയിരിക്കുന്നു. കാലേശ്വരം ഏറ്റവും വലിയ അഴിമതിയാണ്. കോണ്‍ഗ്രസ് പ്രതിപക്ഷത്തായപ്പോള്‍ ഇതേക്കുറിച്ച് അവര്‍ പറയുന്നു. അധികാരത്തിലെത്തിയാല്‍ അവര്‍ അതേക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടില്ല. കോണ്‍ഗ്രസും ബിആര്‍എസും കൊള്ളക്കാരാണ്. ഇതിനായി ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ സഹകരിക്കുന്നു.
ബിജെപി കര്‍ഷകരെ ഭഗവാനായി കാണുന്നു. നൂറ് ദിവസം കൊണ്ട് വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് അവരെ വഞ്ചിച്ചു. വിളകള്‍ ക്വിന്‍റലിന് അഞ്ഞൂറ് രൂപ ബോണസ് നല്‍കുമെന്ന വാഗ്‌ദാനവും കോണ്‍ഗ്രസ് പാലിച്ചില്ല. പണം നല്‍കി വോട്ട് പിടിച്ച സംഭവത്തെക്കുറിച്ചും അവര്‍ മൗനം പാലിക്കുന്നു. കോണ്‍ഗ്രസും ബിആര്‍എസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ബിജെപിക്ക് മാത്രമേ സ്‌ത്രീകളെ സംരക്ഷിക്കാനാകൂ. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം അഞ്ഞൂറ് വര്‍ഷമായി ഇന്ത്യാക്കാരുടെ സ്വപ്‌നമായിരുന്നു.
Also Read: വിദ്വേഷ പ്രസംഗം: മോദിക്കെതിരായ ഹർജി നിരസിച്ച് കേരളത്തിലെ കോടതിയും
2004-2009ല്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ എംപിമാരുണ്ടായത് ആന്ധ്രയില്‍ നിന്നായിരുന്നു. കോണ്‍ഗ്രസ് പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളെ ദ്രോഹിച്ചു. കോണ്‍ഗ്രസ് മുസ്‌ലിങ്ങള്‍ക്ക് ഒബിസി സംവരണം നല്‍കി. വോട്ടിന് വേണ്ടി മാത്രമാണ് ഇവര്‍ ഇങ്ങനെ ചെയ്‌തത്. മുസ്‌ലിം സംവരണത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു. ലിംഗായത്തുകളുടെ സംവരണത്തെ എതിര്‍ക്കുന്നു. കോണ്‍ഗ്രസ് സംവരണത്തിലും ഭരണഘടനയിലും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നു എന്നും മോദി ആരോപിച്ചു.