ന്യൂഡല്‍ഹി: രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ ജനങ്ങള്‍ക്ക് വിജയദശമി ആശംസകള്‍ നേര്‍ന്നു. അനീതിക്ക് മേല്‍ നീതി വിജയം കൈവരിക്കുന്ന ദിനമാണിത്. സത്യത്തിലും ധാര്‍മ്മികതയിലുമുള്ള വിശ്വാസത്തിന്‍റെ പ്രതീകമാണ് ഈ ആഘോഷമെന്നും മുര്‍മു എക്‌സില്‍ കുറിച്ചു.
എത്ര ബുദ്ധിമുട്ടേറിയ അവസരങ്ങളിലും നാം നീതിക്കൊപ്പം നിലകൊള്ളുമെന്ന പ്രതിജ്ഞ ഈ ദിനത്തില്‍ കൈക്കൊള്ളണം. എല്ലാവരുടെയും ജീവിതത്തില്‍ ഈ ഉത്സവം സന്തോഷവും അഭിവൃദ്ധിയും എത്തിക്കട്ടെ. നമ്മുടെ രാജ്യം എപ്പോഴും പുരോഗതിയിലൂടെ പാതയിലൂടെ മുന്നോട്ട് പോകട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എല്ലാവര്‍ക്കും വിജയദശമി ആശംസകള്‍ എന്നായിരുന്നു മോദി എക്‌സില്‍ കുറിച്ചത്. ദുര്‍ഗാമാതാവിന്‍റെയും ഭഗവാന്‍ ശ്രീരാമന്‍റെയും അനുഗ്രഹത്തിലൂടെ എല്ലാവര്‍ക്കും ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വിജയം വരിക്കാനാകട്ടെയെന്നും അദ്ദേഹം കുറിച്ചു.
അതേസമയം ശ്രീധാര്‍മിക് രാംലീല സമിതിയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് നടക്കുന്ന ദസറ പരിപാടികളില്‍ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുക്കും. വൈകിട്ട് 5.30നാണ് പരിപാടികള്‍ ആരംഭിക്കുക. പരിപാടി നൂറ്റിയൊന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു.
എല്ലാം നന്നായി പോകുന്നുണ്ട്. പരിപാടികളുടെ സുഗമമായ നടത്തിപ്പിന് പൊലീസും സഹായിക്കുന്നുണ്ട്. 70 അടി ഉയരമുള്ള രാവണനെയാണ് ഇക്കുറി തയാറാക്കിയിട്ടുള്ളത്. സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
നവരാത്രിയുടെ സമാപനത്തിലെ ഏറ്റവും പ്രധാന ഹിന്ദു ആഘോഷമാണ് ദസറ. അശ്വിന മാസത്തിലെ പത്താം ദിവസമാണ് ആഘോഷം. ഹിന്ദു ചാന്ദ്ര-സൗര കലണ്ടറിലെ ഏഴാം ദിനവും. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഇത് സെപ്റ്റംബര്‍ -ഒക്‌ടോബര്‍ മാസങ്ങളില്‍ വരുന്നു.
വിജയദശമി രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ആഘോഷിക്കുന്നുണ്ട്. പല കഥകളും ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതിലേറ്റവും പ്രധാനം രാമന്‍ രാവണന് മേല്‍ നേടിയ വിജയമാണ്. ദീപാവലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ കൂടിയാണ് ഈ ആഘോഷം. വിജയദശമിക്ക് ഇരുപത് ദിവസത്തിന് ശേഷമാണ് ദീപാവലി എത്തുന്നത്.