ന്യൂഡൽഹി: രാജ്യത്ത് ഉഷ്‌ണതരംഗം കൂടുന്ന സാഹചര്യത്തിൽ സുരക്ഷ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം വിളിച്ചുചേർത്തു. രാജ്യത്ത് പലയിടങ്ങളിൽ ഏപ്രിൽ മുതൽ ജൂൺ വരെ ഉയർന്ന താപനില ഉണ്ടാവാനിടയുള്ളതായി യോഗത്തിൽ അറിയിച്ചു. ഇന്ന് ചേർന്ന യോഗത്തിൽ അവശ്യ മരുന്നുകൾ, ഐസ് പായ്ക്കുകൾ, ഒആർഎസ്, കുടിവെള്ളം എന്നിവയുടെ ലഭ്യതയെ കുറിച്ച് വിലയിരുത്തിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ടെലിവിഷൻ, റേഡിയോ, സാമൂഹിക മാധ്യമങ്ങൾ തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമുകളും വഴി പ്രാദേശിക ഭാഷകളിൽ ജനങ്ങളെ അവബോധരാക്കുന്ന രീതിയിലുള്ള മുന്നറിയിപ്പുകൾ നൽകാനും യോഗത്തിൽ തീരുമാനമായി. കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങളിലെ ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ സമന്വയത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരും കാലാവസ്ഥാ വകുപ്പ് (ഐഎംഡി), ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.