ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻസിങ് നൽകിയ സംഭാവനകളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi hails Manmohan Singh's contribution to democracy). രോഗം ബാധിച്ച് അവശനായിരുന്നിട്ടും ജനാധിപത്യം ശക്തിപ്പെടുത്താൻ സഭയിൽ വോട്ട് ചെയ്യാൻ വീൽ ചെയറിൽ വന്ന ഡോ.മൻമോഹൻസിങ് ഒരു സഭാംഗം തന്‍റെ ഭരണഘടനാപരമായ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽ എത്രത്തോളം ജാഗ്രത പുലർത്തുണമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണെന്നും പ്രധാനമന്ത്രി അഭിനന്ദിച്ചു. വിരമിക്കുന്ന രാജ്യസഭാംഗങ്ങൾക്കുളള യാത്രയയപ്പ് ചടങ്ങിലായിരുന്നു (Rajya sabha farewell) പ്രധാനമന്തിയുടെ പരാമർശം.
ജനാധിപത്യത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴെല്ലാം ഡോ.മൻമോഹൻസിങ് ഓർമ്മിക്കപ്പെടും. മൻമോഹൻ സിങ് ജിയെ ഞാൻ പ്രത്യേകം ഓർക്കാൻ ആഗ്രഹിക്കുന്നു. ആറ് തവണ അദ്ദേഹം ഈ സഭയിൽ അംഗമായിട്ടുണ്ട്. ഒരു നേതാവെന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലും അദ്ദേഹം തന്‍റെ വിലയേറിയ ചിന്തകളാൽ ഈ സഭയ്ക്ക് വലിയ സംഭാവനകൾ നൽകിയെന്ന് അദ്ദേഹത്തെ അഭിനന്ദിച്ച്കൊണ്ട് മോദി പറഞ്ഞു.
നമ്മുടെ ജനാധിപത്യം ചർച്ച ചെയ്യപ്പെടുമ്പോൾ സഭയ്‌ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാൽ ഓർമ്മിക്കപ്പെടുന്ന ബഹുമാന്യരായ ചുരുക്കം ചില അംഗങ്ങളിൽ ഒരാളായി അദ്ദേഹവുമുണ്ടാവും. ജനാധിപത്യത്തിന് ശക്തി പകരാനാണ് അദ്ദേഹം വന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന് ദീർഘവും ആരോഗ്യകരവുമായ ജീവിതമുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഈ 'ശാശ്വത സർവ്വകലാശാല'യിൽ വിദ്യാഭ്യാസം നേടിയ ശേഷം അവർ പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും അവരുടെ അനുഭവം രാജ്യത്തിനും പുതുതലമുറയ്ക്കും പ്രയോജനപ്പെടുമെന്നും വിരമിക്കുന്ന അംഗങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഓരോ അഞ്ച് വർഷത്തിലും ലോക്‌സഭ മാറുകയും പുതിയ രൂപഭാവത്തിൽ അലങ്കരിക്കുകയും ചെയ്യുമ്പോൾ ഓരോ രണ്ട് വർഷം കഴിയുമ്പോഴും രാജ്യസഭയ്ക്ക് പുതിയ ചൈതന്യവും ഊർജവും ലഭിക്കുന്നു. അത് ആവേശത്തിൻ്റെ പുതിയ അന്തരീക്ഷം നിറയ്ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് പോകുന്ന അംഗങ്ങൾക്ക് പഴയ കെട്ടിടത്തിലും പുതിയ കെട്ടിടത്തിലും കഴിയാൻ അവസരമുണ്ടെന്നും അവർ 'അമൃത് കാലിനും' ഭരണഘടനയുടെ 75 വർഷത്തിനും സാക്ഷ്യം വഹിച്ചാണ് പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ട് വർഷം കൂടുമ്പോൾ ഈ സഭയിൽ നടക്കുന്ന വിടവാങ്ങൽ യാത്രയയപ്പല്ലെന്നും പുതിയ അംഗങ്ങൾക്ക് അവശേഷിപ്പിച്ച മായാത്ത ഓർമ്മകളാൽ അമൂല്യമായ ഒരു പൈതൃകം അവശേഷിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.