ജോധ്പൂർ : ഇന്ത്യൻ പീനൽ കോഡിന് പകരം കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ഇന്ത്യൻ ജനാധിപത്യത്തെ കൊളോണിയൽ ചിന്താഗതിയിൽ നിന്ന് മോചിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ ഉദ്ഗ്രഥനമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പ്രധാന ഘടകമെന്നും മോദി പറഞ്ഞു. രാജസ്ഥാൻ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നീതി എല്ലായ്‌പ്പോഴും നേരായതാണ്, എന്നാൽ നടപടിക്രമങ്ങള്‍ അതിനെ സങ്കീർണ്ണമാക്കും. നിയമങ്ങൾ ലഘൂകരിക്കുകയും അവ വ്യക്തമാക്കുകയും ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും മോദി പറഞ്ഞു.
'ബിഎൻഎസ് നമ്മുടെ ജനാധിപത്യത്തെ കൊളോണിയൽ ചിന്താഗതിയിൽ നിന്ന് മോചിപ്പിക്കുന്നു. കഴിഞ്ഞ ദശകത്തിൽ നമ്മുടെ രാജ്യം വളരെയധികം മാറി. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി നാം മാറിയിരിക്കുന്നു. പുതിയ കണ്ടുപിടുത്തങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്.' പ്രധാനമന്ത്രി പറഞ്ഞു.
ജുഡീഷ്യറിയിൽ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയത് നിര്‍ണായകമായി. ഇ-കോടതി പദ്ധതികൾ ഇതിന്‍റെ ഉദാഹരണമാണ്. രാജസ്ഥാനില്‍ ഉള്‍പ്പടെ രാജ്യത്തെ 18,000 കോടതികൾ കമ്പ്യൂട്ടർവത്കരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജസ്ഥാൻ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും മോദി വ്യക്തമാക്കി. രാജസ്ഥാൻ ഗവർണർ ഹരിഭാവു ബഗഡെ, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ, കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ, സുപ്രീം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.