ന്യൂഡല്‍ഹി: 2047ഓടെ വികസിത ഇന്ത്യയെന്നത് ഓരോ ഇന്ത്യാക്കാരന്‍റെയും സ്വപ്‌നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ ഇന്ത്യാക്കാരന്‍റെയും ഈ സ്വപ്‌നം സാക്ഷാത്‌കരിക്കാനായി ഓരോ സംസ്ഥാനങ്ങള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നീതി ആയോഗിന്‍റെ 9ാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് ജനങ്ങളുമായി ഇടപഴകുന്നവരാണെന്നും മോദിയെ ഉദ്ധരിച്ച് നീതി ആയോഗ് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയെ 2047ഓടെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യോഗം ചേര്‍ന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഗ്രാമ നഗര മേഖലകളിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തണം. സര്‍ക്കാര്‍ ഇടപെടലുകള്‍ക്കുള്ള സംവിധാനങ്ങളും ശക്തമാക്കണം.
എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍മാരും വിവിധ കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളും യോഗം പരിശോധിക്കുന്നുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി വളരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2047ഓടെ 30 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ മാറ്റുക എന്നതാണ് ലക്ഷ്യം.
രാഷ്‌ട്രപതി ഭവൻ സാംസ്‌കാരിക കേന്ദ്രത്തിലായിരുന്നു യോഗം. കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഡൽഹി സർക്കാരുകള്‍ യോഗം ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്ത് നിന്ന് പങ്കെടുത്ത ഏക മുഖ്യമന്ത്രിയായ മമത ബാനര്‍ജിക്ക് യോഗത്തില്‍ അപമാനം നേരിടേണ്ടി വന്നു. സംസാരിച്ച് കൊണ്ട് ഇരിക്കുന്നതിനിടെ മൈക്ക് ഓഫാക്കി. തുടര്‍ന്ന് അവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. സംസാരിച്ച് തുടങ്ങി അഞ്ച് മിനിറ്റ് ആയപ്പോഴേക്കും തന്‍റെ മൈക്ക് ഓഫ് ചെയ്‌തെന്ന് മമത യോഗത്തില്‍ നിന്ന് പുറത്ത് വന്ന ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ ദീര്‍ഘസമയം നല്‍കി. ഇത് തന്നെ അപമാനിക്കലാണ്. ഇനി ഒരു യോഗത്തിലും പങ്കെടുക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് 20 മിനിറ്റ് സമയം സംസാരിക്കാന്‍ അനുവദിച്ചു. അസം, ഗോവ, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പത്ത് മുതല്‍ പന്ത്രണ്ട് മിനിറ്റ് വരെ നല്‍കി. താന്‍ സംസാരിച്ച് തുടങ്ങി കേവലം അഞ്ച് മിനിറ്റായപ്പോഴേക്കും മൈക്ക് ഓഫ് ചെയ്‌തു.
പ്രതിപക്ഷ നിരയെ പ്രതിനിധീകരിച്ച് താന്‍ മാത്രമാണ് ഇവിടെ എത്തിയത്. ഫെഡറലിസത്തിലെ സഹകരണം മെച്ചപ്പെടുത്തണമെന്നുള്ള അതീവ താത്പര്യം കൊണ്ടാണ് താന്‍ യോഗത്തിനെത്തിയതെന്നും മമത ചൂണ്ടിക്കാട്ടി.