പട്‌ന: കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപാര്‍ട്ടികളും തുടരുന്നത് കുടുംബ രാഷ്‌ട്രീയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ബിഹാറിലെ ഔറംഗാബാദില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
കുടുംബ രാഷ്‌ട്രീയം പിന്തുടരുന്നവര്‍ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഭയമാണെന്നും രാജ്യസഭയിലൂടെ പാര്‍ലമെന്‍റില്‍ പ്രവേശിക്കാനാണ് താത്‌പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ രാജസ്ഥാനില്‍ നിന്നും ഉപരിസഭയിലേക്ക് മത്സരത്തിനിറങ്ങിയതും അതുകൊണ്ടാണ്. ബിഹാറിലെ ജനങ്ങള്‍ ഇപ്പോഴും രാംലല്ലയുടെ സമര്‍പ്പണം ആഘോഷിക്കുകയാണെന്ന് അയോധ്യ ക്ഷേത്ര നിര്‍മാണത്തെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.
ആര്‍ജെഡിയും കോണ്‍ഗ്രസും അടങ്ങുന്ന മഹാസഖ്യത്തോട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിടപറഞ്ഞതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ഇന്ന് (മാര്‍ച്ച് 2) ബിഹാറിലെത്തുന്നത്. ഡബിള്‍ എഞ്ചിന്‍ ഗവണ്‍മെന്‍റ് വരുന്നതോടെ ബിഹാറില്‍ വികസനവും നിയമവാഴ്‌ചയും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ സഖ്യത്തില്‍ നിന്നും ബിജെപിയിലേക്ക് ചുവടുവച്ച നിതീഷ് കുമാറും വേദിയിലെത്തിയിരുന്നു.
മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് ഭാരതരത്‌ന പുരസ്‌കാരം നൽകിയത് ബിഹാറിലെ മുഴുവൻ ജനങ്ങളെയും ആദരിക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം ബിഹാറില്‍ വലിയ രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ചു. അദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തില്‍ ബിജെപി പ്രവർത്തകരും നേതാക്കളും ആവേശത്തിലാണ്.
വികസന പദ്ധതികളുടെ അനാച്ഛാദനം: ഔറംഗബാദിലെ രതൻവയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. 21,400 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്‌തു. 18,000 കോടിയിലധികം രൂപയാണ് ദേശീയ പാത വികസനത്തിനായി നല്‍കുന്നത്.
ജെപി ഗംഗ സേതുവിന് സമാന്തരമായി ഗംഗയ്ക്ക് കുറുകെ നിർമിക്കുന്ന ആറുവരി പാലത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇതുകൂടാതെ മൂന്ന് റയില്‍വേ പദ്ധതികളും അനാച്ഛാദനം ചെയ്‌തു. പാടലീപുത്ര-പഹ്‌ലേജ പാത ഇരട്ടിപ്പിക്കല്‍ അടക്കം ഇതില്‍ ഉള്‍പ്പെടും.
നമാമി ഗംഗേ പദ്ധതിക്ക് കീഴിൽ 2,190 കോടിയിലധികം വരുന്ന 12 പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു. പട്‌ന, സോനേപൂർ, നൗഗാച്ചിയ, ചപ്ര എന്നിവിടങ്ങളിലെ മലിനജല ശുദ്ധീകരണ പ്ലാന്‍റുകളും ഇതിൽ ഉൾപ്പെടുന്നു. പട്‌നയിൽ 200 കോടിയിലധികം രൂപ ചെലവിൽ നിർമിക്കുന്ന യൂണിറ്റി മാളിനും തറക്കല്ലിട്ടു. 200 കോടി രൂപ ചെലവിലാണ് മാള്‍ നിര്‍മിക്കുക. കേന്ദ്ര സര്‍ക്കാരിന്‍റെ വണ്‍ ഡിസ്‌ട്രിക്‌റ്റ് വണ്‍ പ്രൊഡക്‌റ്റ് പദ്ധതിക്ക് ഊര്‍ജം പകരുന്നതാണ് സംസ്ഥാനത്തെ വികസങ്ങളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.