ഹൈദരാബാദ് : ടിക്കറ്റ് ബുക്ക് ചെയ്‌ത വിമാനത്തില്‍ യാത്ര ചെയ്യാൻ സാധിക്കാതെ വലഞ്ഞ് യാത്രക്കാര്‍. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം. എയര്‍ലൈന്‍ സെര്‍വര്‍ തകരാറിനെ തുടര്‍ന്ന്, ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രക്കാരില്‍ ചലരെ കയറ്റാതെ അതേ കമ്പനിയുടെ വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുകയായിരുന്നു.
ഇന്നലെ (മെയ് 3) രാവിലെയോടെയാണ് സംഭവം. ആഭ്യന്തര സര്‍വീസ് നടത്തുന്ന എയര്‍ലൈൻ കമ്പനിയില്‍ നിന്നും ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്കാണ് തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് കൃത്യസമയത്ത് യാത്ര ചെയ്യാൻ സാധിക്കാതെ വന്നത്. എയര്‍ലൈൻ കമ്പനിയില്‍ നിന്നും ടിക്കറ്റ് എടുത്ത യാത്രക്കാര്‍ കൃത്യസമയത്ത് തന്നെ വിമാനത്താവളത്തിലേക്ക് എത്തിയിരുന്നു.
എന്നാല്‍, സെര്‍വര്‍ തകരാറിലായതിനാല്‍ ഇവര്‍ക്ക് വെബ് ചെക്ക് ഇൻ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ, ടിക്കറ്റ് കൈവശം ഉണ്ടായിരുന്നിട്ടും ഇവരെ ഗേറ്റിലേക്കും പ്രവേശിപ്പിച്ചില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യാത്രികരില്‍ ചിലര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പോസ്റ്റ് ചെയ്‌തതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന്, മറ്റ് സര്‍വീസുകളില്‍ യാത്രക്കാരെ കയറ്റിവിട്ടാണ് എയര്‍ലൈൻ അധികൃതര്‍ പ്രശ്‌നത്തില്‍ നിന്നും തലയൂരിയത്.