ചെന്നൈ : തേനിയിലെ അരുൾമിഗു വള്ളി ദൈവനൈ സമേത ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന ലേലത്തിൽ 62,000 രൂപയ്‌ക്ക് ഒരു തേങ്ങ വിളിച്ചെടുത്ത് ദമ്പതികള്‍. ക്ഷേത്രത്തിൽ വച്ച് വിവാഹിതരായ പുതുപ്പട്ടി സ്വദേശികളായ പളനിയപ്പൻ-കവിത വള്ളിയമ്മായി ദമ്പതികളാണ് 62,000 രൂപയ്ക്ക് തേങ്ങ ലേലം വിളിച്ചെടുത്തത്. ദമ്പതികളുടെ പ്രവൃത്തിയെ ഭക്തിനിര്‍ഭരതയോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്.
350 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ ആരംഭിച്ച 'പങ്കുനി ഉതിരം' ഉത്സവത്തോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്. ഞായറാഴ്‌ച നടന്ന, ഭഗവാന്‍ മുരുകന്‍റെയും വള്ളിയുടെയും വിവാഹ ചടങ്ങായ തിരുകല്യാണ വൈഭവത്തിൽ പങ്കെടുക്കാൻ നൂറുകണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു. തിരുമംഗല്യത്തിന് സമർപ്പിച്ച തേങ്ങയാണ് ചടങ്ങില്‍ ലേലം ചെയ്‌തത്. 5,000 രൂപയിൽ തുടങ്ങിയ ലേലം 62,000 രൂപയിലാണ് അവസാനിച്ചത്.
വിശ്വാസത്തിലും കൃതജ്ഞതയിലും ലയിച്ച മനുഷ്യൻ മടികൂടാതെ നല്‍കിയ ഉദാരമായ സംഭാവന ആയതിനാല്‍ ഇത് ഭക്തിനിര്‍ഭരമായ നിമിഷമാണെന്ന് കണ്ടുനിന്ന ഭക്തര്‍ പറഞ്ഞു. പണത്തിനുമപ്പുറം ദമ്പതികളുടെ പ്രവര്‍ത്തിക്ക് ആഴമേറിയ ആത്മീയ തലമുണ്ടെന്നും ഭക്തര്‍ പറഞ്ഞു.
ഹിന്ദുമത ആചാരങ്ങളില്‍ ഭക്തിയുടെ പ്രതീകമാണ് തേങ്ങ. ഭക്തർക്ക് കൃതജ്ഞത പ്രകടിപ്പിക്കുന്നതിനും ദൈവങ്ങളിൽ നിന്ന് അനുഗ്രഹം തേടുന്നതിനുമുള്ള വഴിപാടായാണ് തേങ്ങയെ കണക്കാക്കുന്നത്. ഇത്തരം വഴിപാടുകളിൽ നിന്ന് സമാഹരിക്കുന്ന തുക നിരാലംബർക്ക് ഭക്ഷണവും പാർപ്പിടവും നൽകുന്നത് മുതൽ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വരെ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ മനുഷ്യരുടെ സംഭാവന അവനവന്‍റെ ആത്മീയ നിര്‍വൃതിക്കപ്പുറം സാമൂഹ്യ ക്ഷേമത്തിനും ഉപകാരപ്പെടും.
Also Read : തൃക്കൈയില്‍ ക്ഷേത്രത്തില്‍ ഇനി യന്ത്ര ആന എഴുന്നെള്ളത്ത്; പുതിയ മാതൃകയുമായി നടി പ്രിയാമണി